സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന
1582112
Thursday, August 7, 2025 11:26 PM IST
തൊടുപുഴ: സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് ഇന്നലെ മിന്നൽ റെയ്ഡ് നടത്തി. തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയതായി സൂചനയുണ്ട്.
ആധാരമെഴുത്തുകാരും ചില ഓഫീസ് ജീവനക്കാരും തമ്മിൽ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടുമ്പൻചോലയിൽ 15,000 രൂപയുടെയും ദേവികുളത്ത് 91,000 രൂപയുടെയും ഇടപാടുകൾ നടന്നതായാണ് വിവരം.
ദേവികുളത്ത് അരലക്ഷം രൂപയുടെയും 41,000 രൂപയുടെയും രണ്ട് സാമ്പത്തിക ഇടപാടുകളാണ് നടത്തിയത്. ഇക്കാര്യത്തിൽ ജീവനക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംശയമുള്ളയിടങ്ങളിൽ രേഖകളിന്മേൽ കൂടുതൽ പരിശോധന നടത്തിയാലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂവെന്ന് വിജിലൻസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടരുകയാണ്.