ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ ഗതാഗതം ദുരിതപൂർണം
1582113
Thursday, August 7, 2025 11:26 PM IST
ചെറുതോണി: ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ വാഹനയാത്ര ദുരിതമാകുന്നു. കഞ്ഞിക്കുഴി മുതൽ പഴയരിക്കണ്ടം വരെയുള്ള റോഡിലാണ് വാഹന യാത്ര ദുരിതപൂർണമായിരിക്കുന്നത്.
തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെയുള്ള അഞ്ചു കീലോമീറ്റർ ദൂരം മൂന്നു കോടി രൂപ വകയിരുത്തി മൂന്ന് വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയതാണ്.
ഈ ഭാഗത്താണ് ഇപ്പോൾ വാഹന യാത്ര ഏറെ ദുരിതമായിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ സംസ്ഥാന പാതയിൽ രണ്ട് കലുങ്കുകൾ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിലാണ്. പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും റിബൺ വലിച്ച് കെട്ടുക മാത്രമാണ് ചെയ്തത്.
ബിഎംബിസി നിലവാരത്തിൽ ചേലച്ചുവട്-വണ്ണപ്പുറം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ നിരവധി തവണ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
അടിയന്തരമായി റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിച്ച് വാഹന യാത്രികർക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.