നിക്ഷേപത്തുക നൽകുന്നില്ല; പരാതിയുമായി ദമ്പതികള്‍
1582115
Thursday, August 7, 2025 11:26 PM IST
കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ വനിതാ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി വയോദമ്പതികള്‍. പോത്താനിക്കാട് കൈപ്പനാനിക്കല്‍ കെ. ജോസഫ്, ഭാര്യ റോസക്കുട്ടി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
2022ല്‍ 7.5 ശതമാനം പലിശ നല്‍കാമെന്ന ഉറപ്പില്‍ ഇവര്‍ 25,000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് 2023ല്‍ 8.75 ശതമാനം പലിശ നല്‍കാമെന്ന ഉറപ്പില്‍ 30,000 രൂപ കൂടിനിക്ഷേപിച്ചു. എന്നാല്‍, തുക നിക്ഷേപിച്ചതിനുശേഷം ഇതുവരെ പലിശ പോലും ലഭിച്ചിട്ടില്ല. നിക്ഷേപ തുക എങ്കിലും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പടി കയറിയിറങ്ങുകയാണ്. സമാന രീതിയില്‍ നിക്ഷേപിച്ച മറ്റ് മറ്റുള്ളവര്‍ക്കും നിക്ഷേപത്തുക തിരികെ ലഭിക്കാനുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
തങ്ങള്‍ ലോണ്‍ കൊടുത്ത തുകകള്‍ തിരികെ ലഭിക്കാത്തതാണ് കാരണമെന്നാണ് സംഘം അധികൃതര്‍ പറയുന്നത്. ബാങ്കിലെ മുന്‍ സെക്രട്ടറിയാണ് ലോണ്‍ കൊടുത്തതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു.
എന്നാല്‍ ഈ തുകകള്‍ ഒന്നും തിരികെ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് തുക തിരികെ നല്കാന് കഴിയാത്ത സാഹചര്യമുണ്ടായതെന്നും 1.5 കോടി രൂപ കടം ഉണ്ടെന്നുമാണ് സൊസൈറ്റി അധികൃതര്‍ പറയുന്നത്. നിക്ഷേപത്തുക തിരികെ ലഭിക്കാതായതോടെ നിയമനടപടി അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.