ടൂറിസ്റ്റുകൾക്കും രക്ഷയില്ല
1582103
Thursday, August 7, 2025 11:26 PM IST
സ്വന്തം ലേഖകർ
മൂന്നാറിൽ പോയാൽ കാഴ്ചകളും കാണാം, കൂട്ടമായി എത്തുന്ന നായകളുടെ ആക്രമണത്തിൽനിന്നു രക്ഷ നേടാൻ പരക്കം പായുന്ന ആളുകളെയും കാണാം. രണ്ടു മാസത്തിനിടെ മൂന്നാറിൽ സഞ്ചാരികൾ അടക്കം 22 പേരെയാണ് തെരുവു നായ്ക്കൾ കടിച്ചുകീറിയത്.
നായ ആക്രമണങ്ങൾ തടയാൻ ആരുമൊന്നും ചെയ്യുന്നില്ലെന്ന പരാതി രൂക്ഷമായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ മൂന്നാർ പഞ്ചായത്ത് 200 നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതിയും ഉയർത്തി ചിലർ പോലീസിൽ കേസ് കൊടുത്തിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് നൽകാനെന്ന പേരിൽ നായ്ക്കളെ പിടിച്ചുകൊണ്ടുപോയി കൊന്നെന്നായിരുന്നു പരാതി.
എന്നാൽ, കൊണ്ടുപോയിട്ട് കുത്തിവയ്പ് നൽകാൻ കഴിയാതെ വന്നതിനാൽ നായ്ക്കളെ തിരികെ പഴയ മൂന്നാറിൽ ഇറക്കിവിട്ടെന്നാണ് പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നത്. തൊടുപുഴ ആനിമൽ റെസ്ക്യു ടീം അംഗങ്ങളായ എം.എ. കീർത്തിദാസ്, എം.ബി. ഓമന എന്നിവരാണ് പരാതിക്കാർ.
വ്യാപക ആക്രമണം
യഥാർഥ പ്രശ്നത്തിനു നേരേ കണ്ണടയ്ക്കുന്നവരാണ് ഇത്തരം പരാതികൾ ഉയർത്തുന്നതെന്നു പൊതുപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മേയിൽ മൂന്നാർ ടൗണിൽ 16 വിനോദ സഞ്ചാരികളെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. ഇവരെ അടിമാലി സർക്കാർ ആശുപത്രിയിൽ എത്തിച്ചാണ് ചികിത്സ നൽകിയത്.
ഒരാഴ്ചയ്ക്കു ശേഷം ദേവികുളത്ത് ആറു വിദ്യാർഥികളെ നായ്ക്കൾ ആക്രമിച്ചു. ദേവികുളം സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെ ആയിരുന്നു നായ്ക്കൾ ആക്രമിച്ചത്.
പുലി പിടിച്ചാൽ പരാതിയില്ല!
പ്രശ്നം വഷളായിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്ന ആരോപണം ഉയരുന്നതിനിടെയായിരുന്നു തൊടുപുഴ സ്വദേശികൾ പോലീസിൽ പരാതി നൽകിയത്. ആഴ്ചകൾക്കു മുന്പ് ദേവികുളത്ത് വീട്ടുമുറ്റത്തു കിടക്കുകയായിരുന്ന നായയെ പുലി കടിച്ചെടുത്ത സംഭവം ഉണ്ടായിരുന്നു.
അന്നു നായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരും രംഗത്തുവന്നില്ല. നിരവധി നായ്ക്കളെയാണ് പുലികൾ പലേടത്തായി പിടിക്കുന്നത്.