നായ്ക്കൾക്ക് അടി(മാലി)പൊളി!
1582373
Friday, August 8, 2025 11:31 PM IST
സ്വന്തം ലേഖകർ
അടിമാലിക്കാരുടെ കാര്യം കഷ്ടം തന്നെ. നഗരത്തിൽ ഇറങ്ങിയാൽ നായകടി ഏല്ക്കാതെ തിരിച്ചുപോകാൻ പറ്റിയാൽ ഭാഗ്യം. രാത്രിയാണ് ആക്രമണം കൂടുതൽ. ദീര്‍ഘദൂര ബസ് കാത്തു നില്‍ക്കുന്നവരും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും താലൂക്കാശുപത്രിയിലെ രോഗികള്‍ക്കു കൂട്ടിരിപ്പുകാരായി എത്തുന്നവരുമൊക്കെയാണ് തെരുവു നായകളുടെ ഭീഷണി നേരിടുന്നത്. ടൗണില്‍ രാത്രികാലത്തു കൂട്ടമായി നടക്കുന്ന തെരുവ് നായ്ക്കള്‍ വാഹനങ്ങള്‍ക്കു കുറുകെ ചാടുന്നതും കാല്‍നടയാത്രികര്‍ക്കു നേരെ കുരച്ചു ചാടുന്നതുമൊക്കെ പതിവാകുകയാണ്.
മാര്‍ക്കറ്റ് ജംഗ്ഷനിലും ബസ് സ്റ്റാന്‍ഡ് പരിസരത്തുമെല്ലാം തെരുവ് നായ്ക്കളുടെ കൂട്ടമാണ്. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ കൂട്ടത്തോടെ ആക്രമിക്കും. അതുകൊണ്ടു പലരും കണ്ടില്ലെന്നു നടിക്കും. നായ്ക്കള്‍ പെറ്റുപെരുകിയതോടെ രാത്രികാലത്തും പുലര്‍ച്ചെയും അടിമാലി ടൗണിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ടൗണിലെ തെരുവ് നായ ശല്യത്തിനു പരിഹാരം കാണാന്‍ ഇടപെടല്‍ വേണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി.എം. ബേബി ആവശ്യപ്പെട്ടു.
(അവസാനിച്ചു.)