റവന്യു ഓഫീസുകൾക്ക് തുടർച്ചാനുമതി നൽകണം: എൻജിഒ അസോ.
1582381
Friday, August 8, 2025 11:31 PM IST
തൊടുപുഴ: കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനായി ആരംഭിച്ച ഭൂ പതിവ് ഓഫിസുകളുടെയും ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി ആരംഭിച്ച ലാൻഡ് അക്വിസിഷൻ ഓഫീസിന്റെയും തുടർച്ചാനുമതി അടിയന്തരമായി നൽകണമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആരംഭിച്ച ഇടുക്കി, കരിമണ്ണൂർ, നെടുങ്കണ്ടം, കട്ടപ്പന, രാജകുമാരി, മുരിക്കാശേരി, പീരുമേട് ഭൂപതിവ് ഓഫീസുകൾ വഴി ഇതുവരെ അൻപതിനായിത്തിലധികം പട്ടയങ്ങളാണ് വിതരണം നടത്തിയത്.
പട്ടയ മിഷന്റെ ഭാഗമായി അടുത്ത മാസങ്ങളിൽ ഇരുപതിനായിരത്തോളം പട്ടയങ്ങൾ വിതരണത്തിന് തയാറെടുക്കുന്ന ഓഫീസുകളുടെ തുടച്ചാനുമതിയാണ് സർക്കാർ വൈകിപ്പിക്കുന്നത്.
ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കഞ്ഞിക്കുഴിയിൽ ആരംഭിച്ച ലാൻഡ് അക്വിസിഷൻ ഓഫീസിനും തുടർച്ചാനുമതി ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച് 31 വരെയാണ് ഈ ഓഫീസുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. പ്രവർത്തനാനുമതി ഇല്ലാത്തതിനാൽ ജീവനക്കാരുടെ ശന്പളം പോലും മുടങ്ങിയ സാഹചര്യമാണ്.
ജില്ലയിലെ പ്രവർത്തനാനുമതി അവസാനിച്ച ഓഫീസുകൾക്ക് അവ ദീർഘിപ്പിച്ചു നൽകുന്നതിന് ധനവകുപ്പ് അനുകൂലമായി റിപ്പോർട്ട് നൽകിയിട്ടും തുടർച്ചാനുമതി ഉത്തരവ് ഇറക്കാത്ത സർക്കാർ നടപടിയിൽ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.