മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ തുറന്നുകൊടുക്കും
1581850
Wednesday, August 6, 2025 11:51 PM IST
തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്ഡിനോടനുബന്ധിച്ച് നിർമാണം പൂർത്തീകരിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഈ മാസം അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർമാൻ കെ. ദീപക് പറഞ്ഞു.
കെട്ടിടം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് വർഷങ്ങളായെങ്കിലും ഫയർ ഫോഴ്സിന്റെ അനുമതി ഉൾപ്പെടെ ലഭിക്കാത്തതിനാൽ കെട്ടിടം തുറന്നുനൽകാനായില്ല. ഇത് ഏറെ ആക്ഷേപത്തിനു കാരണമായിരുന്നു.
ഇതിനിടെ നഗരസഭയിൽ അവിശ്വാസത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമാകുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയതു. തുടർന്നു ഷോപ്പിംഗ് കോംപ്ലക്സ് തുറന്നുപ്രവർത്തിക്കുന്നതിനു തടസമായിരുന്ന ജോലി പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു.
അവശേഷിച്ചിരുന്ന ഇലക്ട്രിക്കൽ ജോലികൾ, ടൈൽ വിരിക്കൽ, വാട്ടർടാങ്ക് സ്ഥാപിക്കൽ തുടങ്ങിയവയും പൂർത്തീകരിച്ചു. ഇനി നഗരസഭ പൊതുമരാമത്ത് വിഭാഗം മുറികൾക്ക് നന്പരിട്ട് നൽകണം.
മൂന്നുനിലകളിലായാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചിട്ടുള്ളത്. ഇതിൽ ഗ്രൗണ്ട് ഫ്ളോറും ഒന്നാംനിലയും വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യവ്യക്തികൾക്കാണ് വിട്ടുനൽകുന്നത്. നിലവിൽ 36 മുറികൾ ലേലത്തിൽ പോയിട്ടുണ്ട്.
രണ്ടാംനില പൂർണമായും സർക്കാർ ഓഫീസുകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ മങ്ങാട്ടുകവലയുടെ വികസനത്തിനു കുതിപ്പേകും. ഇതിനു പുറമേ നഗരസഭ ബസ് സ്റ്റാന്ഡിനു സമീപം നിർമാണംപൂർത്തിയാക്കിയ ഷീ ലോഡ്ജ് കംഫർട്ട് സ്റ്റേഷൻ തുറക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.
സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ സ്ഥാപിച്ചുകഴിഞ്ഞു. നേരത്തേ ഇവിടെ സ്ഥാപിച്ചിരുന്ന ടാപ്പുകളും പൈപ്പുകളും മറ്റും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിനാൽ ഇവ വീണ്ടും സ്ഥാപിക്കേണ്ടതുണ്ട്.
അവശേഷിക്കുന്ന ജോലികൾ വേഗത്തിൽപൂർത്തീകരിച്ച് ഓണത്തിനു മുന്പ് പ്രവർത്തന സജ്ജമാക്കാനാണ് ശ്രമം.