ഉടുന്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളജ് വരുന്നു
1581861
Wednesday, August 6, 2025 11:51 PM IST
ഇടുക്കി: ഉടുന്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രി ആരംഭിക്കുന്നതിനു സർക്കാർ ഉത്തരവ്. ഉടുന്പൻചോല പഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തിൽ സൗകര്യങ്ങളൊരുക്കാൻ 2.20 കോടിയുടെ ഭരണാനുമതി ലഭിച്ചു. എത്രയും വേഗം ജില്ലയുടെ സ്വപ്നമായ മെഡിക്കൽ കോളജ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി വീണ ജോർജ് അറിയിച്ചു.
മെഡിക്കൽ കോളജ് സാധ്യമാകുന്നതോടെ വിവിധ സ്പെഷാലിറ്റി ചികിത്സകൾ ജില്ലയിൽ സാധാരണക്കാർക്ക് ലഭ്യമാകും. പ്രായോഗിക കാര്യങ്ങൾ ചർച്ച ചെയ്യാനായി നാളെ നെടുങ്കണ്ടത്ത് അവലോകന യോഗം ചേരും. ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കുന്പോഴേക്കും വിദ്യാർഥി പ്രവേശനവും നടത്താനാണ് ആലോചനയെന്ന് എം.എം.മണി എംഎൽഎ പറഞ്ഞു.
സൗകര്യങ്ങൾ
ഒപി വിഭാഗവും 50 കിടക്കകളോടുകൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യം. എട്ട് സ്പെഷാലിറ്റി ഒപി വിഭാഗങ്ങളുണ്ടാകും. റിസപ്ഷൻ, രജിസ്ട്രേഷൻ, അത്യാഹിത വിഭാഗം, ഡയഗ്നോസ്റ്റിക്സ് സോണ്, ക്രിയകൽപ, ഫിസിയോതെറാപ്പി, യോഗ, ഡിസ്പെൻസറി എന്നീ സൗകര്യങ്ങളൊരുക്കും. ഒന്നാം ഘട്ടത്തിൽ ഒപി തുടങ്ങാൻ വേണ്ട തസ്തികകളുടെ പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്.
20.85 ഏക്കറിൽ
ഉടുന്പൻചോല മാട്ടുതാവളത്തു കണ്ടെത്തിയ 20.85 ഏക്കർ സ്ഥലത്താണ് മെഡിക്കൽ കോളജ് കെട്ടിടം നിർമിക്കാൻ ഒരുങ്ങുന്നത്.
ഈ കെട്ടിടം യാഥാർഥ്യമാക്കുന്നതിനു മുന്പുതന്നെ ജനങ്ങൾക്കു സേവനം ലഭ്യമാക്കാനാണ് കമ്യൂണിറ്റി ഹാളിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു തുടക്കമിടുന്നത്.
ഇടുക്കി വികസന പാക്കേജിൽ 2022 -23 സാന്പത്തിക വർഷം അനുവദിച്ച 10 കോടി ഉപയോഗിച്ചുള്ള ആശുപത്രി ഒപിഡി കോംപ്ലക്സിന്റെ നിർമാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. 2024-25 സാന്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് 272 മീറ്റർ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്തുകൂടി ചുറ്റുമതിൽ നിർമിക്കാനും പ്രവേശന കവാടം സ്ഥാപിക്കാനുമായി 2025-26 സാന്പത്തിക വർഷത്തെ ബജറ്റിൽ ഒരു കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
രണ്ടാം ഘട്ടം 100 കിടക്കകൾ
നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ മാനദണ്ഡപ്രകാരം രണ്ടാമത്തെ ഘട്ടത്തിൽ കിടക്കകളുടെ എണ്ണം 100 ആയി കൂട്ടും. അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ, അക്കാദമിക് സെക്ഷൻ എന്നിവയുടെ നിർമാണം ആരംഭിച്ച് വിദ്യാർഥി പ്രവേശനം നടത്താവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.