കാലടി: അങ്കമാലി ഉപജില്ലാതല മെഗാക്വിസ് (സുവർണം) മത്സരത്തിൽ മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി. ഇല്ലിത്തോട് ഗവ.യുപി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഉപജില്ലയിലെ യുപി സ്കൂളുകൾക്കായി ക്വിസ് മത്സരം സഘടിപ്പിച്ചത്.
3000 രൂപയും സുവർണജൂബിലി ഫലകവുമാണു സമ്മാനം. ആൻവിൻ മനോജ്, സഞ്ജയ് ചന്ദ്രശേഖർ എന്നിവരാണ് മഞ്ഞപ്ര സ്കൂളിനായി മത്സരിച്ചത്.
ഹോളി ഫാമിലി അങ്കമാലി (2000 രൂപയും ഫലകവും), സെന്റ് ജോസഫ് ഗേൾസ് കിടങ്ങൂർ (1000 രൂപയും ഫലകവും) സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലയാറ്റൂർ - നീലിശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജി ബിജു വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജൂബിലി കമ്മറ്റി ചെയർമാൻ എം.എ. സനീഷ് അധ്യക്ഷത വഹിച്ചു. ടീച്ചർ ഇൻ ചാർജ് റീന വർഗീസ്, ജോയിന്റ് കൺവീനർ കെ.എൻ. ഷീല, സുവർണജൂബിലി പ്രോഗ്രാം കൺവീനർ സാബു പണ്ടാല , ജോയിന്റ് കൺവീനർ സനിൽ പി. തോമസ് എന്നിവർ നേതൃത്വം നൽകി.