ലക്ഷദ്വീപ് സ്കൂളുകള്‍ക്ക് റോബോട്ടിക് കിറ്റുകള്‍ നല്കി
1592839
Friday, September 19, 2025 4:10 AM IST
കൊച്ചി: ലക്ഷദ്വീപില്‍ കേരളത്തിലെ പാഠ്യപദ്ധതി പിന്തുടരുന്ന ഒമ്പത് ദ്വീപുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) റോബോട്ടിക് പഠനത്തിനായി റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു.
മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു കിറ്റ് എന്ന നിലയില്‍ ആകെ 100 റോബോട്ടിക് കിറ്റുകളാണ് കൈറ്റ് നല്‍കിയത്.
കിറ്റ് വിതരണത്തിനൊപ്പം ലക്ഷദ്വീപിലെ ഹൈസ്കൂള്‍ തലത്തില്‍ ഐസിടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഡയറ്റ് ഫാക്കല്റ്റികള്ക്കുമായി അഞ്ചു ദിവസത്തെ പ്രത്യേക പരിശീലനത്തിനും തുടക്കമായി. കൈറ്റിന്റെ എറണാകുളത്തുള്ള റീജണല്‍ റിസോഴ്സ് സെന്ററിലാണ് പരിശീലനം.
മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് സ്കൂളുകള്‍ക്കുള്ള റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു.