അഭിലാഷ് വധം: പ്രതികളുടെ ജീവപര്യന്തം : ഹൈക്കോടതി ശരിവച്ചു
1592862
Friday, September 19, 2025 4:35 AM IST
വൈപ്പിൻ: മുനമ്പം സ്വദേശിയായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസിൽ കൃഷ്ണകുമാർ എന്ന മുനമ്പം കൃഷ്ണൻ അടക്കമുള്ള ആറു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ വിധിക്കെതിരെ മുനമ്പം സ്വദേശികളായ പ്രതികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. അഭിലാഷിന്റെയും മുനമ്പം കൃഷ്ണന്റെയും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണം.
2005 മേയ് 19നാണ് അഭിലാഷിനെ പറവൂർ പെരുമ്പടന്നയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറവൂർ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഗുണ്ടാ തലവൻ മുനമ്പം കൃഷ്ണൻ, സഹോദരങ്ങൾ ആയ ബാബു, ബൈജു,
കൂടാതെ വിശപ്പൻ എന്ന് വിളിക്കുന്ന രമേശ്,സുരേഷ്, കുമാർ എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രതികൾ 2019 മുതൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നവരാണ്.