ബിരിയാണി പാഴ്സലിനെച്ചൊല്ലി ട്രാഫിക് സ്റ്റേഷനില്‍ ഹോംഗാര്‍ഡുകള്‍ തമ്മിൽത്തല്ലി
1592864
Friday, September 19, 2025 4:49 AM IST
രണ്ടുപേർക്ക് പരിക്ക്
പള്ളുരുത്തി: വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി നടത്തിയ സല്‍ക്കാരത്തിനിടെ ബാക്കി വന്ന ബിരിയാണി പാഴ്സല്‍ ചെയ്ത സംഭവത്തെ ചൊല്ലി ഹോം ഗാര്‍ഡുകള്‍ തമ്മിൽത്തല്ലി. ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന് എന്നിവര്‍ക്ക് പരിക്കേറ്റു.
പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഹോംഗാര്‍ഡിന്റെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹോം ഗാര്‍ഡുകള്‍ക്കും ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു.
എല്ലാവരും ഭക്ഷണം കഴിച്ചതിനുശേഷം ബാക്കി വന്ന ബിരിയാണി പാഴ്സല്‍ ചെയ്യുന്നതിനിടെ ഒരാള്‍ക്ക് ചിക്കന്‍ കഷണം കൂടുതല്‍ എടുത്തതിനെയും മറ്റൊരാള്‍ക്ക് കുറഞ്ഞുപോയതിനെയും ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. തമ്മിലടിയില്‍ രാധാകൃഷ്ണന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും തമ്മില്‍ നേരത്തെ വൈരാഗ്യമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകരായ ഗാര്‍ഡുകള്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പള്ളുരുത്തി പോലീസ് പറഞ്ഞു.