ജോജുവുമായി സൗഹൃദം വളരുന്നതില്‍ സന്തോഷമെന്ന് മുഹമ്മദ് ഷിയാസ്
1339195
Friday, September 29, 2023 2:28 AM IST
കൊച്ചി: നടന് ജോജു ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്.
ഇന്ധന വില വര്‍ധനയ്ക്കെതിരെ 2021 നവംബര്‍ ഒന്നിന് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന് ജോജു ജോര്‍ജ് പ്രതിഷേധിക്കുകയും തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ ‘ഏറ്റുമുട്ടല്‍' ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന കൂടിക്കാഴ്ചയുടെ ചിത്രമാണ് മുഹമ്മദ് ഷിയാസ് ഫേസ്ബുക്കില്‍ അടിക്കുറിപ്പോടെ പങ്കുവച്ചത്. സംവിധായകന് കെ.ജി. ജോര്‍ജിന്റെ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയതായിരുന്നു ഇരുവരും.
നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോണ്‍ഗ്രസ് മുന്‍ഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷമെന്നും ഷിയാസ് കുറിച്ചു.