അത്താണി പറമ്പയം ബസ് സ്റ്റോപ്പിന് സമീപം സ്ലാബില്ലാത്ത അഴുക്ക് കാനയിൽ അപകടം പതിവ്
1394679
Thursday, February 22, 2024 4:10 AM IST
നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിക്കു സമീപം പറമ്പയം ബസ് സ്റ്റോപ്പിന് സമീപം സ്ലാബില്ലാത്ത അഴുക്ക് കാനയിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം ആലുവ ഭാഗത്തേക്ക് പോവുകായായിരുന്ന സ്കൂട്ടർ യാത്രികൻ പിന്നിൽവന്ന ചരക്ക് ലോറി ഹോൺ മുഴക്കി മറികടന്നേതാടെ നിയന്ത്രണംവിട്ട് ഇടതുവശത്തെ കാനയിൽ വീഴുകയുണ്ടായി.
പിന്നലെവന്ന കാർ യാത്രികർ അപകടം കാണാനിടയായതാണ് സ്കൂട്ടർ യാത്രികന് തുണയായത്. യുവാവിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്കൂട്ടർ ഉയർത്താനാകാത്തവിധം കാനയിൽ കുടുങ്ങുകയായിരുന്നു. നിത്യവും തിരക്കേറിയ റോഡിന്റെ കിഴക്ക് വശത്ത് 100 മീറ്ററോളം ഭാഗമാണ് സ്ലാബില്ലാതെ തുറന്ന് കിടക്കുന്നത്.
അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തിരക്കേറിയ ഇരുപതിലേറെ ഇടങ്ങളിലെങ്കിലും അപകട ഭീഷണിയുയർത്തുന്ന സ്ലാബില്ലാത്ത കാനയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നെടുവന്നൂർ ഭാഗത്തേക്കുള്ള പറമ്പയം യു ടേണിലും കോട്ടായി യു ടേണിലും മറ്റിടങ്ങളിലെയും കാനകൾ, ട്രാഫിക്, സുരക്ഷ സംവിധാനങ്ങൾ,
റോഡ് നിർമാണത്തിലെ അശാസ്ത്രീയത, പരസ്യ ബോർഡുകൾമൂലമുള്ള കാഴ്ച മറയൽ തുടങ്ങിയ ദേശീയപാതയിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുമായി പലതവണ നേരിട്ടും രേഖാമൂലവും പരാതി നൽകിയെങ്കിലും യാതൊന്നിനും പരിഹാരമുണ്ടായിട്ടില്ലെന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ വാർഡംഗവുമായ സെബ മുഹമ്മദലി പറയുന്നത്.