എലിവേറ്റഡ് ഹൈവേ കുരുക്ക് : ബദല്‍ മാര്‍ഗം പാളി; എറണാകുളത്തേക്ക് ബോട്ട് സര്‍വീസ് ഇല്ല
1458785
Friday, October 4, 2024 3:59 AM IST
കൊച്ചി: അരൂര്‍-തുറവൂര്‍ മേഖലയില്‍ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം മൂലമുള്ള ഗതാഗതകുരുക്കില്‍ നിന്ന് യാത്രക്കാര്‍ക്ക് സമീപഭാവില്‍ ആശ്വാസമുണ്ടാകില്ല. ബദല്‍ മാര്‍ഗം ഒരുക്കാനുള്ള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് പ്രതിസന്ധി നേരിട്ടതോടെയാണ് ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ നിന്ന് എറണാകുളം ബോട്ട് ജെട്ടിയിലേക്ക് ബോട്ട് സര്‍വീസ് നടത്താനുള്ള ശ്രമം ജലഗതാഗത വകുപ്പ് തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്നത്.
നിര്‍ദിഷ്ട പാതയിലൂടെ നടത്തിയ പരീക്ഷണ യാത്രയില്‍ ബോട്ട് ഒന്നിലധികം സ്ഥലങ്ങളില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് പാതയില്‍ ബോട്ട് സര്‍വീസ് നിലവിലെ സാഹചര്യത്തില്‍ പ്രയോഗികമല്ലെന്ന് കണ്ടാണ് നടപടി.
പ്രളയത്തിന് ശേഷം അടിഞ്ഞുകൂടിയ ചെളി മൂലം രൂപപ്പെട്ട മണ്തിട്ടകളാണ് ബോട്ട് സര്‍വീസിന് തടസമായിട്ടുള്ളത്. അരൂകൂറ്റിയില് നിന്ന് സര്‍വീസ് നടത്താനാകാതെ വന്നതോടെ പനങ്ങാട് ബോട്ട് ജെട്ടിയില്‍ നിന്നും ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതും പരാജയപ്പെടുകയായിരുന്നു. ചെളി നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പ്രദേശത്തൂകൂടി എറണാകുളത്തെത്താന്‍ മണിക്കൂറുകള്‍ വേണം. ബോട്ട് സര്‍വീസ് ആരംഭിച്ചാല്‍ 45 മിനിറ്റുകൊണ്ട എറണാകുളത്തെത്താം.
ഗതാഗതക്കുരുക്ക് രക്ഷമായതിന് പിന്നാലെ യാത്രക്കാര്‍ക്ക് ബോട്ട് സര്‍വീസ് ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച നിവദേനങ്ങളടക്കം ഗതാഗത മന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി ആയിരുന്നില്ല.
അരൂക്കുറ്റിയില്‍ ബോട്ട് ജെട്ടിയുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായെങ്കിലും ജലഗതാഗത വകുപ്പ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നില്ല. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ നിര്‍മാണം നടക്കുന്ന ഈ മേഖലയിലെ റോഡിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ കുറവ് വരുമെന്നാണ് കരുതുന്നത്.