ഫോര്‍ട്ടുകൊച്ചിയിൽ സമൃദ്ധി ഹോട്ടല്‍; എതിര്‍പ്പുമായി പ്രതിപക്ഷം
1460021
Wednesday, October 9, 2024 8:19 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്റെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായ സമൃദ്ധി ജനകീയ ഹോട്ടലിന്റെ ശാഖ ഫോര്‍ട്ടുകൊച്ചി പഴയ ബോട്ട്ജെട്ടി കെട്ടിടത്തില്‍ തുടങ്ങാനുള്ള നീക്കത്തിനെതിരേപ്രതിപക്ഷം. പൈതൃക കെട്ടിടമായി സംരക്ഷിക്കേണ്ട ബോട്ട്ജെട്ടി കെട്ടിടം വാണിജ്യ സ്ഥാപനമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന എത് പദ്ധതികളെയും എതിര്‍ക്കുകയെന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം ശൈലിയാണെന്ന് മേയര്‍ എം. അനില്‍കുമാറും കുറ്റപ്പെടുത്തി.
ഫോര്‍ട്ടുകൊച്ചി ജങ്കാർ ജെട്ടിക്ക് ഇടത് വശത്തായി സ്ഥിതി ചെയ്യുന്ന സ്വന്തം ഉടമസ്ഥതയിലുള്ള പഴയ ബോട്ട്ജെട്ടി കെട്ടിടം സമൃദ്ധി ഹോട്ടല്‍ തുടങ്ങുന്നതിനായി നേരത്തെ തന്നെ കോര്പറേഷന് കണ്ടുവച്ചതായിരുന്നു.
കാലപ്പഴക്കത്തില്‍ ക്ഷയിച്ച ഇരുനില കെട്ടിടം നവീകരിച്ച് വേണം ഉപയോഗിക്കാന്‍. കോര്പറേഷന് 40 ലക്ഷം രൂപയുടെ പ്രപ്പോസല്‍ ഇതിനായി തയാറാക്കി. അതിന്റെ അവതരണത്തിൽ പ്രതിപക്ഷ നേതാവിനെ അടക്കം ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന് നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ല.
ഫോര്‍ട്ട്കൊച്ചിയുടെ പാരമ്പര്യം പേറുന്ന ബോട്ട് ജെട്ടി കെട്ടിടം ഹോട്ടല്‍ ആക്കി മാറ്റിയാല്‍ അതിന്റെ പൈതൃക സ്വഭാവം നഷ്ടപ്പെടും. സമൃദ്ധിയുടെ പ്രപ്പോസലുമായി മുന്നോട്ട് പോയാല്‍ ഫോര്‍ട്ടുകൊച്ചിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന പദ്ധതി നഷ്ടപ്പെടുമെന്നും ആന്റണി കുരീത്തറ ചൂണ്ടിക്കാട്ടി.
ഏത് പ്രതിസന്ധിയുണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മേയര്‍ പറഞ്ഞു. പുതിയ സമൃദ്ധിയുടെ രൂപരേഖ തയാറാക്കി സിഎസ്ആര്‍ ഫണ്ട് നല്കുന്ന കമ്പനിക്ക് കൈമാറി. എസ്റ്റിമേറ്റ് അടക്കം സമര്‍പ്പിച്ച് അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. അടുത്ത മാര്‍ച്ചില്‍ തന്നെ സമൃദ്ധി @ ഫോര്‍ട്ടുകൊച്ചി തുറക്കാനാണ് ലക്ഷ്യമെന്നും മേയര്‍ പറഞ്ഞു.
20 രൂപയ്ക്ക് തന്നെയാണ് അവിടേയും ഊണ് വിളമ്പുക. മറ്റുള്ള വിഭവങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭൂരിഭാഗം ഭക്ഷണ വിഭവങ്ങളുമുണ്ടാകും. 24 മണിക്കൂര്‍ പ്രവര്‍ത്തനമുണ്ടാവില്ല. കായല്‍ തീരത്തായതിനാല്‍ പുറത്തുനിന്ന് കാഴ്ചകള്‍ ആസ്വദിക്കാം. കെട്ടിടത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ്, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഒരുക്കണം. ഇതിനായി വിവിധ സിഎസ്ആര്‍ ഫണ്ടുകള്‍ കണ്ടെത്തും. ജോലിക്കാവശ്യമായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്.