വൈദ്യുതി തകരാർ പരിഹരിച്ചു: കുടിവെള്ള പമ്പിംഗ് പൂർണതോതിൽ
1460225
Thursday, October 10, 2024 7:24 AM IST
ആലുവ: ജലശുദ്ധീകരണശാലയിലേക്കുള്ള ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ച് പശ്ചിമ കൊച്ചിയിലേക്കുള്ള പമ്പിംഗ് പൂർണതോതിൽ ആരംഭിച്ചു.
ഭൂഗർഭ വൈദ്യുതികേബിളിൽ തകരാറുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിംഗ് നിലച്ചത്. താത്കാലിക സംവിധാനമൊരുക്കി വൈദ്യുതി എത്തിച്ച് ഭാഗികമായി പമ്പിംഗ് കഴിഞ്ഞ രാത്രി തന്നെ ആരംഭിച്ചിരുന്നു.
ആലുവ പമ്പ് ഹൗസിനും കെഎസ്ഇബി പവർ ഹൗസിനുമിടയിൽ ചൊവ്വാഴ്ചയാണ് ഭൂഗർഭ വൈദ്യുതി ലൈൻ തകരാറിലായത്. പ്രത്യേക ടെക്നിക്കൽ യൂണിറ്റെത്തിയാണ് 300 സ്ക്വയർ എംഎം കേബിളിലെ തകരാർ കണ്ടെത്തിയത്. സെന്റ് മേരീസ് സ്കൂളിന് സമീപമുള്ള ജോയിന്റിലായിരുന്നു തകരാർ.
വൈദ്യുതി കേബിളിലെ തകരാർ കണ്ടെത്താൻ വൈകിയതോടെ ആലുവ ടൗൺ സെക്ഷൻ എഇ യുടെ നേതൃത്വത്തിൽ താത്കാലിക വൈദ്യുതി കണക്ഷൻ നൽകിയിരുന്നു. പമ്പിംഗ് സ്റ്റേഷനടുത്തെ ട്രാൻസ്ഫോർമറിൽ നിന്നുള്ള ഹൗസ് കണക്ഷനുകൾ മറ്റൊരു ട്രാൻസ്ഫോർമറിലേക്ക് നൽകി ഈ ട്രാൻസ്ഫോർമറിൽ നിന്ന് പമ്പിംഗ് സ്റ്റേഷനിലേക്ക് വൈദ്യുതി നൽകുകയായിരുന്നു.
പമ്പിംഗ് നിലച്ചാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ കൊച്ചി കോർപറേഷൻ പരിധിയിലും ആലുവ, എലൂർ, കളമശേരി,തൃക്കാക്കര നഗരസഭകളിലുമാണ് കുടിവെള്ളം മുടങ്ങുന്നത്. മുന്നറിയിപ്പില്ലാതെ കുടിവെള്ളം നിലച്ചതോടെ മുൻകൂട്ടി സംഭരിക്കാത്തതിനാൽ ഇന്നലെ തന്നെ ജനങ്ങൾ കുടിവെള്ളത്തിനായി കഷ്ടപ്പെട്ടിരുന്നു.