ഈ കൗണ്‍സിലിന്റെ അവസാന ബജറ്റ് നാളെ; പ്രതീക്ഷിക്കാന്‍ വകയുണ്ടോ?
1535600
Sunday, March 23, 2025 4:30 AM IST
കൊച്ചി: മേയര്‍ എം. അനില്‍കുമാര്‍ നേതൃത്വം നല്കുന്ന കൊച്ചി കോര്പറേഷന് ഇടത് ഭരണസമിതിയുടെ അവസാന ബജറ്റ് അവതരണം നാളെ നടക്കും. കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രീയ നാടകങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെങ്കില്‍ കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ രാവിലെ 10.30ന് ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ ബജറ്റ് അവതരിപ്പിക്കും.
26ന് ബജറ്റിന്മേലുള്ള ചര്‍ച്ചയും 27ന് ബജറ്റ് പാസാക്കലും നടക്കും. രണ്ട് പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന കോര്പറേഷന് ആസ്ഥാന മന്ദിരത്തിന്റെ പൂര്‍ത്തീകരണം ഉള്‍പ്പെടെ അഭിമാനകരമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായേക്കുമെന്ന സൂചയാണ് മേയര്‍ ഉള്‍പ്പെടെ നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യാഥാര്‍ഥ്യ ബോധ്യത്തിലൂന്നിയ ബജറ്റ് എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങളേറെയും വെറുംവാക്കായി നിലനില്‍ക്കെയാണ് മറ്റൊരു ബജറ്റവതരണത്തിന് ഭരണപക്ഷം ഒരുങ്ങുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. എന്നാല്‍ മാലിന്യ സംസ്കരണത്തില്‍ ഉള്‍പ്പെടെ മറ്റൊരു കൗണ്‍സിലിനും ചെയ്യാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഭരണപക്ഷവും പറയുന്നു.
കൈയടി നല്‍കാം മാലിന്യ സംസ്കരണത്തിന്
ഒരാഴ്ചയിലേറെ കൊച്ചിയെ വിഷപ്പുക ശ്വസിപ്പിച്ച ബ്രഹ്മപുരത്തെ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കൊച്ചി കോര്പറേഷന് സ്വീകരിച്ച നടപടികള്‍ കുത്തഴിഞ്ഞു കിടന്ന നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ചിട്ടയും പ്രഫഷണലിസവും കൊണ്ടുവന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.
മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ സിബിജി പ്ലാന്റ് അടക്കം ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. അവയില്‍ ഏറെക്കുറെ നടപ്പാക്കി എന്നു മാത്രമല്ല ബ്രഹ്മപുരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാനും ഈ കൗണ്‍സിലിനായി.
ബിപിസിഎല്‍ ഏറ്റെടുത്ത് നടത്തുന്ന സിബിജി പ്ലാന്റിന്റെ ആദ്യ ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. അതും പ്രഖ്യാപിച്ചതിലും നാല് മാസം നേരത്തെ. ബയോമൈനിംഗും ബിഎസ്എഫ് പ്ലാന്റ് വഴിയുള്ള ജൈവമാലിന്യ സംസ്കരണവും നടന്നുവരുന്നു. എംസിഎഫ്, ആര്‍ആര്‍എഫ് വഴിയുള്ള മാലിന്യ നീക്കവും കുറ്റമറ്റ നിലയിലാണ്.
വിന്‍ഡ്രോ കംപോസ്റ്റ് പ്ലാന്റ് നവീകരിക്കുന്നതിന് പുറമേ ലീച്ചെറ്റ്, പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകള്‍ എന്നിവയാണ് കഴിഞ്ഞ ബജറ്റില്‍ നടപ്പാക്കാത്ത പദ്ധതികള്‍. എന്നാല്‍ ഇവയൊക്കെ ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഭരണസമിതിക്ക് പറഞ്ഞ് നില്ക്കാന് കഴിയും. മാലിന്യ നീക്കത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച ഇ-ഓട്ടോറിക്ഷ പദ്ധതിയും നടപ്പാക്കി.
വെറും വാക്കുകളേറെ, നടപ്പാക്കിയത് കുറവ്
ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നതായിരുന്നു കഴിഞ്ഞ ബജറ്റ് അവതരണത്തിന് ശേഷം മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ പൂര്‍ത്തീകരിച്ചു എന്നുറപ്പിച്ച് പറയാവുന്നതിനും ഇരട്ടിയിലേറെയാണ് വെറുവാക്കായി പോയ പ്രഖ്യാപനങ്ങള്‍.
വര്‍ഷങ്ങളായി ബജറ്റ് പ്രഖ്യാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായ കോര്പറേഷന് ആസ്ഥാന മന്ദിരത്തിന്റെ പൂര്‍ത്തീകരണം കഴിഞ്ഞ ബജറ്റിലും ഇടംപിടിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും എന്നതായിരുന്നു പ്രഖ്യാപനം. നിര്‍മാണം ഏറെക്കുറെ മുന്നോട്ട് പോയെങ്കിലും പൂര്‍ത്തീകരിക്കാനായില്ല.
അതേപോലെ സ്ട്രേം വാട്ടര്‍ മാനേജ്മെന്റ് സിസ്റ്റം, ട്രാന്‍സ്ജെൻഡേഴ്സ് ക്ലിനിക്, ഇടപ്പള്ളി കണ്വന്ഷന് സെന്റര്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ് നവീകരണം, മുന്നൂറ് വനിതകള്‍ക്ക് സൈക്കിള്‍, ഗിരിനഗറിലെ സ്പോര്‍ട്സ് സെന്റര്‍, ലിറ്റററി, ഹെരിട്ടേജ് ഫെസ്റ്റിവല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വെറുംവാക്കായി.
ലോക്കല്‍ ഏരിയ മാസ്റ്റര്‍ പ്ലാനാകട്ടെ പ്രഖ്യാപിച്ച നിലയില്‍ നടപ്പാക്കാനായില്ല. കൊതുകു നിവാരണം പരാജയപ്പെട്ടു. കലാ, സാംസ്കാരിക പരിപാടികള്‍ക്കായി പ്രഖ്യാപിച്ച ആസ്ക് പദ്ധതി പാളി. എറണാകുളം ടൗണ്‍ ഹാള്‍ നവീകരിച്ചെങ്കിലും എസി സ്ഥാപിക്കുന്ന പ്രഖ്യാപനം നടപ്പാക്കാനായില്ല.
അതേസമയം, ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനമായി അവതരിപ്പിച്ച കെ-സ്മാര്‍ട്ട് ഏറെക്കുറെ വിജയകരമാക്കാനായി. മൂന്നാമത്തെ റോ-റോയ്ക്കായി നിര്‍മാണ കരാര്‍ നല്‍കാനായി എന്നതും ഭരണപക്ഷത്തിന് നേട്ടമാണ്. 90 ശതമാനം വഴിവിളക്കുകളും എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റി. ചാത്യാത്ത് റോഡില്‍ അടക്കം ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിച്ചു.
തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിച്ചു. അതേപോലെ പ്രദേശിക എതിര്‍പ്പുകള്‍ മൂലം നടക്കാതെ പോകുമെന്ന് കരുതിയ ഇടക്കൊച്ചിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മേയറുടെയും ഡിവിഷന് കൗണ്‍സിലറുടെയും ഇടപെടലുകളെ തുടര്‍ന്ന് തടസങ്ങള്‍ നീക്കാനായി.