മുല്ലശേരി കനാല്‍ നവീകരണം: നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നിര്‍ദേശം
1535605
Sunday, March 23, 2025 4:35 AM IST
കൊച്ചി: ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മുല്ലശേരി കനാല്‍ റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗം നന്നാക്കി സഞ്ചാരയോഗ്യമാക്കാന്‍ നിര്‍ദേശം. ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ ആവശ്യപ്രകാരം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് നിര്‍ദേശം നല്‍കിയത്.
പദ്ധതിയുടെ ഭാഗമായി കമ്മട്ടിപ്പാടത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളും മംഗളവനം ഭാഗത്തെ കനാലിലേക്ക് വെള്ളം തടസമില്ലാതെ ഒഴുകുന്നതിനുള്ള പ്രവര്‍ത്തനങ്ങളും എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്കി.
മഴയ്ക്ക് മാസത്തിനു മുന്‍പായി തേവര പേരണ്ടൂര്‍ കനാലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നു ജലസേചന വകുപ്പ് യോഗത്തില്‍ ഉറപ്പു നല്കി. എംജി റോഡിലെ നടപ്പാതകളില്‍ അടിയന്തരമായി സ്ലാബുകളിടാന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കോര്പറേഷന്, പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ഏകോപനത്തോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു.