ആലുവയിൽ പുതിയ കോടതി മൂന്നു വർഷത്തിനകം
1544464
Tuesday, April 22, 2025 7:00 AM IST
ആലുവ: പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് മുന്നോടിയായി നിലവിലെ ആലുവ കോടതികൾ ബിഎസ്എൻഎൽ കെട്ടിടത്തിൽ മെയ് 19 മുതൽ പ്രവർത്തനം ആരംഭിക്കും.
വേനലവധി കഴിഞ്ഞ് സിവിൽ കോടതികൾ ബിഎസ്എൻഎൽ കെട്ടിടത്തിലെ ഒരു ഭാഗത്താണ് 19 ന് പ്രവർത്തനം തുടങ്ങുന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികളും മുൻസിഫ് കോടതിയുമാണ് ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറുന്നത്.
നിലവിലെ ജീർണിച്ച കോടതി കെട്ടിടം പൊളിച്ചുമാറ്റി പുതിയത് സജ്ജീകരിക്കാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അത് വരെ ഈഎസ്ഐ റോഡിലെ ബിഎസ്എൻഎൽ കെട്ടിടത്തിൽ താത്കാലിക കോടതികൾ പ്രവർത്തിക്കും.
മൂന്ന് വർഷത്തേക്കാണ് പിഡബ്ല്യുഡിയുമായി ബിഎസ്എൻഎൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്. അതിന് മുമ്പായി നിലവിലുള്ള കോടതി കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കും. 85.593 സെന്റ് സ്ഥലത്ത് 79,172 ചതുരശ്ര അടിയിയിൽ നാല് നില കെട്ടിടമാണ് നിർമിക്കുക. 38 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്.