ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിള്‍ യാത്ര
1569996
Tuesday, June 24, 2025 6:47 AM IST
കൊച്ചി: കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് റിട്ടയേര്‍ഡ് എസ്ഐ ഷാജഹാന് നയിക്കുന്ന കൊച്ചി വാട്ടർ മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിള്‍ യാത്ര കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഫ്ളാഗ് ഓഫ് ചെയ്തു.
കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, മഞ്ചേശ്വരം, പാലക്കാട്, അട്ടപ്പാടി, അഗളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കൊച്ചി മെട്രോയില്‍ എത്തിച്ചേര്‍ന്നത്. ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച മെട്രോ യാത്രയ്ക്ക് ശേഷം ഹെക്കോര്‍ട്ട്-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ വാട്ടര്‍ മെട്രോയിലും ബോധവത്കരണ പരിപാടി അവതരിപ്പിച്ചു. 2025 കിലോമീറ്റര്‍ യാത്ര ചെയ്ത് ജൂലൈ രണ്ടിന് ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിള്‍ യാത്ര കൊല്ലത്ത് സമാപിക്കും.