മൂന്ന് റെയില്‍വേ സ്റ്റേഷനുകളിൽ നിന്ന് മെട്രോയിലേക്ക് ആകാശപ്പാത
1569998
Tuesday, June 24, 2025 6:47 AM IST
കൊച്ചി: ജില്ലയിലെ മുന്നു പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ആകാശപാത നിര്‍മിക്കുന്നതിനു പച്ചക്കൊടി. എറണാകുളം ജംഗ്ഷന്, എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളില്‍ സ്കൈ വാക്ക്വേകള്‍ നിര്‍മിക്കുന്നതിനാണ് റെയില്‍വേ ഇപ്പോള്‍ പച്ചക്കൊടി വീശിയിരിക്കുന്നത്. ആകാശപാത നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി ഉപയോഗത്തിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ഇളവുകള്‍ നല്‍കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
കെഎംആര്‍എല്ലാണ് നിര്‍മാണം നടത്തേണ്ടത്. അതിനുള്ള അനുമതി റെയില്‍വേ നല്‍കും. കൂടാതെ ഭൂമിയുടെ വിലയില്‍ ഇളവ് നല്കുന്ന കാര്യവും റെയില്‍വേയുടെ ആലോചനയിലുണ്ട്. മുന്‍പ് എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ആകാശപാത എന്ന ആശയം കെഎംആര്‍എല്‍ അവതരിപ്പിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ അത് മുന്നോട്ട് പോയില്ല. ഇപ്പോള്‍ ഇരു സ്റ്റേഷനുകളുടേയും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായാണ് ആകാശപാതയ്ക്കും ഗ്രീന്‍ സിഗ്നല്‍ തെളിഞ്ഞത്.
യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള ആകാശപാത. രണ്ടു കോടിയിലധികം യാത്രക്കാര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ മാത്രം ഓരോ വര്‍ഷവും വരികെയും പോകുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒരു കോടിയും തൃപ്പൂണിത്തുറയില്‍ ഒന്നര ലക്ഷവുമാണ് യാത്രക്കാരുടെ എണ്ണം. ഇവരിലേറെയും കണക്ടിവിറ്റിക്കായി മെട്രോയെ ആശ്രയിക്കുന്നവരാണ്. മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത വന്നാല്‍ അതുപകാരപ്പെടുമെന്ന് ഓള് കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.