2018ലെ വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാൻ വഴിയൊരുങ്ങിയത് 2024ലെ അദാലത്തിൽ
1452040
Tuesday, September 10, 2024 1:46 AM IST
തൃശൂർ: 2018ലെ വെള്ളപ്പൊക്ക കെടുതികളിൽനിന്ന് കരകയറാൻ 2024ലെ തദ്ദേശ അദാലത്തിലൂടെ വഴിയൊരുങ്ങിയതിൽ ആശ്വസിച്ച് ഇരിങ്ങാലക്കുട കടുപ്പശേരി വേളൂക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തുപറമ്പിൽ കെ.എൽ. പോൾ, സബിത ദമ്പതികൾ.
കുടുംബത്തിന്റെ ഏകവരുമാനമാർഗമായ ടിഷ്യൂ പേപ്പർ നിർമാണ യൂണിറ്റ് വെള്ളപ്പൊക്കത്തിൽ നശിച്ചതു പുനരാരംഭിക്കാനുള്ള വഴിതേടിയെത്തിയ ദന്പതികൾക്ക് അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി എം.ബി. രാജേഷ് ഉറപ്പുനല്കി. വ്യവസായവകുപ്പിൽനിന്ന് സബ്സിഡിയും ഇൻഷ്വറൻസും ലഭ്യമാക്കാമെന്നും പറഞ്ഞു.
മേലൂർ പഞ്ചായത്തിൽ നടത്തിവന്ന സ്ഥാപനം വേളൂക്കരയിൽ വീടിനോടുചേർന്ന് പ്രവർത്തിക്കാൻ ഓണർഷിപ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണു വായ്പ ലഭിക്കാനും യൂണിറ്റ് പ്രവർത്തനം വൈകാനും ഇടയാക്കിയത്. ഇതിനിടെ പോൾ അസുഖബാധിതനുമായി.
പോളിനെ കാരുണ്യ ബെനവലന്റ് ഫണ്ട് ഗുണഭോക്താവായി ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപവരെ ചികിത്സാസഹായം നൽകാനും തീരുമാനമായി. വെള്ളപ്പൊക്കത്തിന്റെ ഇൻഷ്വറൻസ് തുക ഉടൻ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തീരുമാനിച്ച കാര്യങ്ങൾ നിരീക്ഷിക്കാൻ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തി.