കണ്ണന്റെ ആനകൾക്ക് സുഖചികിത്സ ജൂലൈ 1 മുതൽ
1570524
Thursday, June 26, 2025 8:44 AM IST
ഗുരുവായൂർ: ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ജൂലൈ ഒന്നിനു തുടങ്ങും. രാവിലെ ഒന്പതിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനാകും. എൻ.കെ.അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.
ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കുമായാണ് സുഖചികിത്സ നടത്തുന്നത്. ദിവസവും ആനകളെ കുളിപ്പിച്ച് തുടച്ചു നിരയായി നിർത്തി ശാസ്ത്രീയമായി തയാറാക്കിയ സമീകൃതാഹാരം നൽകും. ആനകളുടെ തൂക്കത്തിനനുസരിച്ചാണ് കൂട്ട് തയാറാക്കുക. ആയുർവേദ, അലോപ്പതി, ഹോമിയോ മരുന്നുകളും ഇക്കാലയളവിൽ നൽകും. 36 ആനകളിൽ മദപ്പാടിലുള്ളവയൊഴികെയുള്ളവയ്ക്കാണ് ചികിത്സ നൽകുക. മദപ്പാടിലുള്ള ആനകൾക്കു നീരിൽനിന്നഴിച്ചശേഷം ചികിത്സ നൽകും.
ആന ചികിത്സാവിദഗ്ധരായ ഡോ.പി.ബി. ഗിരിദാസ്, ഡോ.എം.എൻ. ദേവൻ നമ്പൂതിരി, ഡോ.ടി.എസ്. രാജീവ്, ഡോ.കെ. വിവേക്, ഡോ. ചാരു ജിത് നാരായണൻ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുക. ജൂലൈ 30 ന് സമാപിക്കും.