പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ പുതിയ സിടി സ്കാൻ സെന്റർ തുറന്നു
1570515
Thursday, June 26, 2025 8:44 AM IST
ഇരിങ്ങാലക്കുട: പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ അന്‍പത്തിയെട്ടാം ഹോസ്പിറ്റൽ ഡേ ആഘോഷവും പുതിയ സിടി സ്കാൻ സെന്ററിന്റെ ഉദ്ഘാടനവും രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിപ്പിച്ചാണ് ഹോസ്പിറ്റൽ മാനേജ്മന്റ് ആശുപത്രിയെ കഴിഞ്ഞ 58 വർഷങ്ങളിൽ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ബിഷപ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
മരിറ്റൻ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയറും ഹോസ്പിറ്റൽ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ സിസ്റ്റർ ഡോ. റീറ്റ സിഎസ്എസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ജോയിന്റ് റീജണൽ ട്രാൻസ്പോർട് ഓഫീസർ ബിജു ഐസക് മുഖ്യപ്രഭാഷണം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പുല്ലൂർ സെന്റ് സേവിയേഴ്സ് ഇടവക വികാരി ഫാ. ജോയ് വട്ടോളി സിഎംഐ, സീനിയർ ഡോക്ടർ എം.വി. വാറുണ്ണി, പഞ്ചായത്തംഗം മണി സജയൻ, എക്സൈസ് സർക്കിൾ ഇൻപെക്ടർ കെ. ശങ്കർ പ്രസംഗിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സിഎസ്എസ് സ്വാഗതവും ഹോസ്പിറ്റൽ മാനേജർ-ഓപ്പറേഷൻസ് ആൻജോ ജോസ് ആമുഖപ്രസംഗവും മദർ സുപ്പീരിയർ സിസ്റ്റർ എൽസീന സിഎസ്എസ് നന്ദിയും പറഞ്ഞു. മാഗ്നസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സിടി സ്കാനിംഗ് സെന്റർ പ്രവർത്തനക്ഷമമാക്കിയത്.