വീണുകിട്ടിയ സ്വർണമാല തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി
1570517
Thursday, June 26, 2025 8:44 AM IST
കൊടുങ്ങല്ലൂർ: ഓട്ടോയിൽ വീണുകിട്ടിയ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല യാത്രക്കാരിക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കൊടുങ്ങല്ലൂർ തെക്കേനടയിലെ പുളിഞ്ചോടാൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആനാപ്പുഴ കുരിയ പറബിൽ സുരേഷാണ് ലക്ഷങ്ങൾ വിലയുള്ള മാല തിരികെ നൽകിയത്.
ഇന്നലെ രാത്രി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പറവൂർ വെടിമറ സ്വദേശിയും റിട്ട. എഎസ്ഐയുമായ പാർവതിയുടെതായിരുന്നു മാല. മാല കിട്ടിയ വിവരം രാത്രി തന്നെ സുരേഷ് സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നു.
ക്ഷേത്ര ദർശനത്തിനായി ഓട്ടോയിൽ നിന്നും ഇറങ്ങു മ്പോൾ മാല അഴിച്ചു ബാഗിൽ ഇട്ടിരുന്നു എന്നാൽ മാല ഓട്ടോയിൽ വീണു പോകുകയായിരുന്നു. ഇതറിയാതെ ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ബാഗിൽ മാല തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇവർ മാലതിരക്കി ഒട്ടോ സ്റ്റാൻഡിൽ എത്തിയെങ്കിലും രാത്രി ഓട്ടോ സ്റ്റാൻഡ് ഒഴിഞ്ഞ നിലയിലായിരുന്നു.
വീട്ടിലേക്ക് തിരിച്ചുപോയ പാർവതി ഇന്ന് രാവിലെ മാല തിരക്കി എത്തുകയായിരുന്നു. മറ്റു ഡ്രൈവർമാരുടെ സാന്നിധ്യത്തിൽ സുരേഷ് പാർവതിക്ക് സ്വർണമാല തിരിച്ചു നൽകി.