തരിശുരഹിത മേലൂരിനായി ഞങ്ങളും കൃഷിയിലേക്ക്
1570513
Thursday, June 26, 2025 8:44 AM IST
മേലൂർ: കൃഷിവകുപ്പ് വിഭാവനംചെയ്ത തരിശുരഹിതഗ്രാമം പദ്ധതിയുടെ ഭാഗമായി മേലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പച്ചക്കറി, പൂച്ചെടി കൃഷികൾക്കു തുടക്കമായി. കുന്നപ്പിള്ളി വാർഡിൽ സംഘടിപ്പിച്ച തൈനടീൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു.
മേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൂന്നു ഏക്കർ തരിശൂഭൂമിയിലാണ് പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയ്ക്കുപുറമെ ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലിപൂക്കൾക്കുമായി കൃഷിയിറക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെയും മേലൂർ സഹകരണ ബാങ്കിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രകാശൻ, വാർഡ് മെന്പർ പി.ആർ. ബിബിൻരാജ്, ചാലക്കുടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെലിറ്റ എൽസ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ. അനൂപ്, കൃഷി ഓഫീസർ രാഹുൽ കൃഷ്ണ, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ ധന്യ, ഷിജി വികാസ് എന്നിവർ പ്രസംഗിച്ചു.