കേരള കോൺഗ്രസ്- ജോസഫ് ഏകദിന ഉപവാസം
1588313
Monday, September 1, 2025 1:38 AM IST
കല്ലടിക്കോട്: കോങ്ങാട് മണ്ഡലത്തിലെ നിരവധി ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് -ജോസഫ് പ്രവർത്തകർ തച്ചമ്പാറ ടൗണിൽ നടത്തിയ ഏകദിന ഉപവാസം കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷനായി. 1963ൽ ആരംഭിച്ച കാഞ്ഞിരപ്പുഴ ഡാം കമ്മീഷൻ ചെയ്യുക, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരസഭ വിളിച്ചു ചേർത്തുകൊണ്ട് നിയമനിർമ്മാണം നടത്തി ഉപദ്രവകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്തുകളുടെ അധികാരം പുനസ്ഥാപിക്കുക., പാലക്കയത്തുള്ള തച്ചമ്പാറ കുടുംബാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുക, ബജറ്റിൽ ഉൾപ്പെടുത്തിയ തച്ചമ്പാറ കണ്ണോട്-പള്ളിക്കുറിപ്പ് പാലം ഉടൻ യാഥാർത്ഥ്യമാക്കുക, തൊഴിലുറപ്പ് മേഖലയിലെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ജോർജ് തച്ചമ്പാറ, മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.