നന്ദിയോട് ആശുപത്രിയിൽ ഞായറാഴ്ചകളിൽ ചികിത്സക്കെത്തുന്നവർ കാത്തിരിക്കണം
1588325
Monday, September 1, 2025 1:38 AM IST
വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവുകാരണം ഇന്നലെയും ചികത്സക്കെത്തിയവർ മണിക്കൂറുകളോളം വലഞ്ഞു. മൂന്ന് ഡോക്ടർമാരുടെ തസ്തിക നിലവിലുണ്ടെങ്കിലും ഞായറാഴ്ച ദിവസം ഒരു ഡോക്ടാണുണ്ടാവുക.
ചില ഞായറാഴ്ച ദിവസങ്ങളിൽ ഡോക്ടറില്ലാതെ ചികിത്സക്കു വന്നവർ തിരിച്ചുപോകാറുമുണ്ട്. പ്രതിദിനം ശരാശരി 200 മുതൽ 250 വരെ പേർ ചികിത്സക്കെത്താറുണ്ട്.
ഫാർമസിയിൽ ആവശ്യത്തിനു മരുന്നുകളും മറ്റു ജീവനക്കാരും നിലവിലുണ്ട്. എന്നാൽ ഡോക്ടർമാർ എത്തിയില്ലെങ്കിൽ ഒരു തരത്തിലുള്ള സേവനവും ലഭ്യമല്ല.
നല്ലേപ്പിള്ളി, എരുത്തേമ്പതി, നടുപ്പുണി, വണ്ണാമട, ഒഴലപ്പതി കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നന്ദിയോട് ആശുപത്രിയുടെ നിയന്ത്രണത്തിലാണുള്ളത്.
നന്ദിയോട് ആശുപത്രിയിൽ കിടത്തി ചികത്സക്കായി കോടികൾ മുടക്കി നിർമിക്കുന്ന കെട്ടിടം അവസാന ഘട്ടത്തിലാണ്.
ഇത്രയും സൗകര്യങ്ങൾ നിലവിലുണ്ടായിരുന്നിട്ടും മതിയായ ചികിത്സ ഇപ്പോഴും കിട്ടാറില്ലെന്ന ആക്ഷേപവും ശക്തമാണ്.
വൈകുന്നേരം ആറുമണിവരെ ഒപി പ്രവർത്തിക്കുമെന്ന് കൊട്ടിഘോഷിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നടന്നത്. നിലവിൽ ഒരുമണിവരെ മാത്രമെ ഒപി പ്രവർത്തിക്കുകയുള്ളു എന്നതും ദുരിതമായിട്ടുണ്ട്.