വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ വികസന സമിതി
1588316
Monday, September 1, 2025 1:38 AM IST
പാലക്കാട്: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസനപ്രവർത്തനങ്ങളും പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു കഴിഞ്ഞദിവസം ചേർന്ന ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു.
പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വകുപ്പുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്ഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു.
നെന്മാറ വിത്തനശ്ശേരി ചാണ്ടിച്ചാല ലക്ഷം വീട് ഉന്നതിയിലെ ജീർണാവസ്ഥയിലായ വീടുകൾ നവീകരിക്കുന്നതിനും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റവീടാക്കി മാറ്റുന്നതിനുമായി പ്രത്യേക പാക്കേജ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. മുതലമട, അട്ടപ്പാടി, കൊല്ലങ്കോട് പിഎച്ച്സികളിൽ നിലനിൽക്കുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മുണ്ടൂർ- തൂത റോഡ് പ്രവൃത്തി കഴിഞ്ഞപ്പോൾ സമീപവാസികളുടെ വീടുകൾ റോഡ് നിരപ്പിന് താഴെയായ വിഷയം പരിഹരിച്ചു വരുന്നതായും ശേഷിക്കുന്നവ പരിഹരിക്കുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്നും പി. മമ്മിക്കുട്ടി എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനായി ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത എല്ലാ റോഡുകളുടെയും ടെൻഡർ പൂർത്തിയായതായും 84 റോ!ഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നതായും എ. പ്രഭാകരൻ എംഎൽഎയുടെ ചോദ്യത്തിനുത്തരമായി ജില്ലാ കളക്ടർ അറിയിച്ചു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം സെപ്റ്റംബർ പത്തോകൂടി ആരംഭിക്കാൻ സാധിക്കുന്ന വിധത്തിൽ ഡോക്ടറെ നിയമിക്കണമെന്ന് കെ. പ്രേകുമാർ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. മീനാക്ഷിപുരം ബസ് സ്റ്റാന്റ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
വടക്കഞ്ചേരി ടൗണിലെ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർടിഒക്കും അനധികൃത വഴിയോര കച്ചവടങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ജില്ലാ കളക്ടർ നിർദേശം നൽകി. യോഗത്തിൽ എംഎൽഎമാരായ പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, എ. പ്രഭാകരൻ, കെ. ബാബു, കെ.ഡി. പ്രസേനൻ, ഒറ്റപ്പാലം സബ്കളക്ടർ അഞ്ജീത് സിംഗ്, എഡിഎം കെ. സുനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.