കടപ്പാറ സ്കൂളിലെ കുട്ടികൾക്ക് ഇനി സർക്കാർ മെനു പ്രകാരം ഉച്ചഭക്ഷണം
1588320
Monday, September 1, 2025 1:38 AM IST
മംഗലംഡാം: ആദിവാസി മേഖലയിലെ കുട്ടികൾക്കായുള്ള കടപ്പാറ ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾക്കിനി ഉച്ചഭക്ഷണം സർക്കാർ മെനു പ്രകാരം കഴിക്കാം.
സർക്കാർ മെനു പ്രകാരം ഉച്ചഭക്ഷണം കൊടുക്കാൻ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് നെന്മാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻജിഒ സ്ഥാപനമായ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് എന്ന സംഘടനയാണ് ആശ്വാസമായി എത്തിയത്.സ്കൂളിൽ നടന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംഘടനയുടെ എക്സിക്യുട്ടീവ് അംഗമായ ചിജീഷ് ഒരു മാസത്തേക്കുള്ള പലവ്യഞ്ജന സാധനങ്ങൾ ഹെഡ്മിസ്ട്രസ് എം. സബിത ടീച്ചർക്ക് കൈമാറി.
എല്ലാ മാസവും ഗ്രോസറി ഇനങ്ങൾ വിദ്യാലയത്തിൽ എത്തിച്ചു നൽകാമെന്ന വാഗ്ദാനവും സംഘടന നൽകിയിട്ടുണ്ട്. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മംഗലംഡാം സിഐ ബിപിൻ പി. മാത്യു നിർവഹിച്ചു. വാർഡ് മെംബർ ബീന ഷാജി അധ്യക്ഷത വഹിച്ചു.
പോലീസിനു പുറമെ എക്സൈസ്, ബിആർസി പ്രതിനിധികൾ, സ്പോൺസർമാർ, നാട്ടുകാർ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സര വിജയികളായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാന വിതരണവും നടന്നു. അധ്യാപകരായ എ. ജാസ്മിൻ, കെ.യു. അൻസിയ , വാസു, രതീഷ് , മേരി, ജെസി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.