തൃത്താല കാർഷിക കാർണിവലിന് ഇന്നു തുടക്കം
1588323
Monday, September 1, 2025 1:38 AM IST
തൃത്താല: ഓണത്തോടനുബന്ധിച്ച് തൃത്താല മണ്ഡലത്തിൽ നടത്തുന്ന കാർഷിക കാർണിവലിനു മുന്നോടിയായി നടന്ന ജനകീയ വിളവെടുപ്പ് മഹോത്സവം പ്രൗഢഗംഭീരമായി. മന്ത്രി എം.ബി. രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് കാർഷിക കാർണിവൽ സംഘടിപ്പിക്കുന്നത്.
വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വാദ്യാഘോഷ അകമ്പടിയോടെ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ ആറങ്ങോട്ടുകരയിൽ നിന്നും ആരംഭിച്ച വിളവെടുപ്പ് മഹോത്സവം പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു. സമാപന സമ്മേളനം പടിഞ്ഞാറങ്ങാടിയിൽ സിനിമാതാരം വി.കെ. ശ്രീരാമൻ നിർവഹിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ അധ്യക്ഷനായി.
മന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. നാടക പ്രവർത്തകൻ ഹേമന്ത് കുമാർ മുഖ്യാതിഥിയായി. കൃഷി അസി. ഡയറക്ടർ മാരിയത്ത് കിബിത്തിയ, നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നുമുതൽ മൂന്നുവരെ പടിഞ്ഞാറങ്ങാടിയിലാണ് ജനകീയ കാർഷികോത്സവം സംഘടിപ്പിക്കുന്നത്. പ്രദർശന വിപണനമേള,കാർഷിക പ്രദർശനം,കാർഷിക സംരംഭകരുടെയും പ്രഫഷണലുകളുടെയും സംഗമം,കാർഷിക സാഹിത്യോത്സവം, പുസ്തകോത്സവം,കാർഷിക സെമിനാറുകൾ -സംവാദങ്ങൾ,പ്രാദേശിക കാർഷിക തനത് സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ടായിരിക്കും. കാർഷിക കാർണിവലി ഭാഗമായി ജില്ലാതല കർഷക ചന്തയുടെ ഉദ്ഘാടനവും സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിന് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന അധ്യക്ഷയാകും. ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് മുഖ്യാഥിതിയാകും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ അവതരിപ്പിക്കുന്ന ഏകാങ്ക നാടകവുമുണ്ടായിരിക്കും.