വർണോത്സവമായി യുബിഎസ് ഗാർഡനിലെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്
1588322
Monday, September 1, 2025 1:38 AM IST
വടക്കഞ്ചേരി: തേനിടുക്കിലുള്ള യുബിഎസ് ഗാർഡനിൽ യുവസംരംഭകർ കൃഷിയിറക്കിയ അഞ്ചക്കറിലെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് വർണോത്സവമായി മാറി.
സമൂഹത്തിലെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിളവെടുപ്പ്. തരിശായി കിടന്നിരുന്ന ഭൂപ്രദേശം ഇപ്പോൾ പൂക്കാടായി.
മുൻ മന്ത്രി കെ.ഇ. ഇസ്മയിലും സിനിമാരംഗത്തുള്ള പാർവതി ഫ്ളവേഴ്സ് ഉടമ വാസു പാർവതിയും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഹൈബ്രീഡ് ഇനം 45,000 ചെണ്ടുമല്ലി ചെടികളിലാണ് പൂക്കൾ നിറഞ്ഞത്. മഞ്ഞയും ചുവപ്പും കളറിൽ തിങ്ങി നിറഞ്ഞ് ഇതളുകളുള്ള നല്ല വലുപ്പമുള്ള പൂക്കൾ.
മറ്റു വിളകളെല്ലാം നാട്ടിൽ പരീക്ഷണ വിധേയമായിട്ടുണ്ടെങ്കിലും വടക്കഞ്ചേരി മേഖലയിൽ ഏക്കർ കണക്കിന് സ്ഥലത്ത് വ്യാപാരാടിസ്ഥാനത്തിൽ ഇത്തരത്തിൽ ചെണ്ടുമല്ലി കൃഷി നടത്തുന്നതും ഇതാദ്യമാണ്.
കാർഷിക മേഖലയിലേക്ക് പുതിയ സംരംഭങ്ങളുമായി കടന്നുവരണമെന്ന ചിന്തയിലാണ് കുറഞ്ഞ കാലയളവിനുള്ളിൽ ആദായം കിട്ടുന്ന പൂ കൃഷിയിലേക്ക് തിരിഞ്ഞതെന്ന് പൂ കൃഷിക്ക് നേതൃത്വം നൽകിയ യുബിഎസ് ബിനേഷ് പറഞ്ഞു.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷും കൃഷി ഓഫീസർ ജ്യോതിയും സർവ പിന്തുണയും പ്രോത്സാഹനവും പ്രഖ്യാപിച്ചതോടെ ഓണം കളറാക്കാൻ ഇറങ്ങുകയായിരുന്നു യുവ സംഘം.
ജൈവ രീതിയിലാണ് കൃഷി. തുടർച്ചയായ മഴ ആശങ്ക ഉണ്ടാക്കിയെങ്കിലും പൂക്കൾക്ക് വലിയ പ്രശ്നമുണ്ടാക്കിയിട്ടില്ല. കുന്നക്കാട് സജിൽ ഉണ്ണികൃഷ്ണനായിരുന്നു പൂകൃഷിയുടെ പൂർണ സമയ പരിചരണ ചുമതല.
യുബിഎസ് ഗാർഡനിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വയോജനങ്ങൾ, അംഗ പരിമിതർ തുടങ്ങിയവർക്ക് ഓണപ്പുടവകളും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ, കേര കേസരി സി.ആർ. ഭവദാസ്, കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് കെ.എം. ജലീൽ, വ്യാപാരി സംരക്ഷണ സമിതി ചെയർമാൻ ബോബൻ ജോർജ്, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, പഞ്ചായത്ത് അംഗങ്ങളായ എ.ടി. വർഗീസ് കുട്ടി, രശ്മി ഷാജി, കെ. മോഹൻദാസ്, ദേവദാസ്, സി. മുത്തു, അൻവർ, സതീഷ് കുമാർ, ഉഷാകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഗംഗാധരൻ, ജനാർദനൻ പുതുശേരി, റെജി കെ. മാത്യു, എം.കെ. ശശി, എം. ബിനേഷ്, അനിത ബിനേഷ്, എ.സി. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.