കുലുക്കല്ലൂർ പാടശേഖരത്തിൽ ഒന്നാംവിള വിളവെടുപ്പ്
1588319
Monday, September 1, 2025 1:38 AM IST
ഷൊർണൂർ: ഒന്നരപ്പതിറ്റാണ്ടിനുശേഷം കുലുക്കല്ലൂർ പാടശേഖരത്തിൽ ഒന്നാംവിള നെൽക്കൃഷി വിളവെടുപ്പ്. നാലുപാടശേഖരങ്ങളിലാണ് ഇത്തവണ ഒന്നാംവിള നെൽക്കൃഷി നടപ്പാക്കിയത്.
40 ഏക്കേറാളംവരുന്ന സ്ഥലത്ത് കർഷക കൂട്ടായ്മയിലായിരുന്നു കൃഷിപ്രവർത്തനം. വിവിധ പാടശേഖരസമിതികളുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പഞ്ചായത്തിൽ വ്യാപകമായി ഒന്നാംവിള നെൽക്കൃഷിയിറക്കിയത്. മുൻപ് ചിലയിടങ്ങളിൽ ഒന്നാംവിള ഇറക്കിയിരുന്നെങ്കിലും ഇത്രയുംകൂടൂതൽ സ്ഥലത്ത് കൃഷിയിറക്കുന്നത് 15 വർഷങ്ങൾക്കുശേഷമാണ്. കുലുക്കല്ലൂർ, പുറമത്ര, മപ്പാട്ടുകര, മുളയൻകാവ്, വണ്ടുംതറ പാടശേഖരങ്ങളിലാണ് പ്രധാനമായും ഒന്നാംവിള കൃഷി നടപ്പാക്കിയത്.
കർഷകർക്ക് ഉഴവുകൂലിയും വിത്തുമെല്ലാം പഞ്ചായത്ത് സൗജന്യമായി നൽകിയിരുന്നു. ജ്യോതി വിത്തുപയോഗിച്ചാണ് കൃഷി നടപ്പാക്കിയത്. പല കാരണങ്ങളാലും ഒന്നാംവിള നെൽക്കൃഷിയിൽനിന്നും കർഷകർ പിൻതിരിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതിനൊരു മാറ്റം ലക്ഷ്യമിട്ടാണ് ഇത്തവണ അഞ്ച് പാടശേഖരങ്ങളിൽ ഒന്നാംവിള കൃഷിയിറക്കിയത്. 50 ഏക്കറിൽ കൃഷിചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ചിലയിടങ്ങളിൽ കൃഷി നടപ്പാക്കാനായില്ല.
കുലുക്കല്ലൂർ പാടശേഖരത്തു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി. രമണി കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്തു.