കരിപ്പാലി പാലത്തിൽ മത്സ്യക്കച്ചവടം; മാലിന്യനിക്ഷേപ കേന്ദ്രമായി പുഴ
1588326
Monday, September 1, 2025 1:38 AM IST
വടക്കഞ്ചേരി: കുടിവെള്ള പദ്ധതി പ്രവർത്തിക്കുന്ന മംഗലംപുഴയുടെ കൈവഴിയായ കരിപ്പാലി പുഴപ്പാലത്തിൽ പരസ്യമായി മീൻവില്പന നടക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. ദിവസവും രാവിലെയാണ് ഇവിടെ മത്സ്യക്കച്ചവടം.
മൊത്തമായി മത്സ്യം കൊണ്ടുവന്ന് ചെറുകിട മത്സ്യ വില്പനക്കാർക്ക് വിൽക്കുന്നത് ഇവിടെവച്ചാണ്. വാഹനങ്ങളിൽ നിന്നുള്ള മലിനജലവും ചീഞ്ഞുനാറുന്നതും കേടുവന്നതുമായ മത്സ്യങ്ങൾ തള്ളുന്നതും പുഴയിലേക്കാണ്.
പുഴയിൽ ഒഴുക്കുള്ള സമയമാണെങ്കിൽ എല്ലാം ഒഴുകിപ്പോകും. അതല്ലെങ്കിൽ അവിടെകിടന്ന് ദുർഗന്ധം വമിച്ച് വഴി നടക്കാനാകാത്ത സ്ഥിതിയാകും. ഇതുകൂടാതെ അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഈ പാലത്തിലും റോഡിന്റെ രണ്ടുവശത്തും പുഴയിലുമാണ് തള്ളുന്നത്.
മറ്റു മാലിന്യ ചാക്കുകൾ തള്ളുന്നതും പുഴയിലേക്കാണ്. പാലത്തിൽ വാഹനം നിർത്തി പുഴയിലേക്ക് മാലിന്യം വലിച്ചെറിയും. രാത്രി സമയങ്ങളിലാണ് ഈ വിധമുള്ള മാലിന്യം തള്ളുന്നത്. നിരവധി കുടിവെള്ള പദ്ധതികളാണ് ഈ പുഴകളിലുള്ളത്.
ആളുകൾ കുളിക്കുന്നതും തുണി കഴുകുന്നതും ഈ വെള്ളത്തിൽ തന്നെയാണ്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളും മറ്റു സ്ഥാപനങ്ങളുമുള്ള റോഡാണിത്.
ഈ മാലിന്യ വഴിയിലൂടെ വേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. തീറ്റ സമൃദ്ധമായതിനാൽ നായ്കൂട്ടങ്ങളും പന്നിക്കൂട്ടങ്ങളും ഇവിടെ നിറയുകയാണ്. തെരുവുനായ്ക്കൾ റോഡിനു കുറുകെ പാഞ്ഞ് വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും കുറവല്ല.
മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നിന്നും കരിപ്പാലി പാലം മുതൽ നൂറുമീറ്ററോളം ദൂരം ആളൊഴിഞ്ഞ പ്രദേശമാണ്. ഇതാണ് മാലിന്യം തള്ളുന്നവർക്കു സൗകര്യമാകുന്നത്. രാത്രിയിൽ ഇവിടെ വെളിച്ച സംവിധാനവുമില്ല.
പ്രായമായി അവശതയുള്ള വളർത്തു നായ്ക്കളെ ഉപേക്ഷിക്കുന്നതും ഇവിടെയാണിപ്പോൾ. നേരത്തെ കരിപ്പാലി പാലത്തിനടുത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറ സ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇത് പ്രവർത്തിക്കുന്നില്ല.
ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും വില കൽപിക്കുന്നില്ല.
കാമറകളുടെ പ്രവർത്തനം പുനസ്ഥാപിച്ച് മാലിന്യം തളർന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പാലത്തിലുള്ള മത്സ്യ വില്പനയും നിരോധിക്കണം. മതിയായ തെരുവു വിളക്കുകൾ സ്ഥാപിച്ചും മാലിന്യ നിക്ഷേപം ഒഴിവാക്കണം.
കിഴക്കഞ്ചേരി ,വണ്ടാഴി എന്നീ രണ്ട് പഞ്ചായത്തുകളുടെ അതിർത്ത പ്രദേശമാണ് കരിപ്പാലി പാലം ഭാഗം.