കരുണ്‍ ഔട്ട്; പടിക്കല്‍ ഇന്‍
Friday, September 26, 2025 2:25 AM IST
ദുബായ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പര്യടനം നടത്തിയ ടീമില്‍ ഉണ്ടായിരുന്ന കരുണ്‍ നായരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. കരുണ്‍ നായരിനു പകരമായി ദേവ്ദത്ത് പടിക്കലിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി.
ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ടീമില്‍ ഇല്ല. ഒക്ടോബര്‍ രണ്ടിന് അഹമ്മദാബാദിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10നു ഡല്‍ഹിയില്‍ ആരംഭിക്കും. ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ഹോം പരമ്പരയാണ്. ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കർ ഇന്നലെ ദുബായില്‍വച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഫോം ഇല്ലാതെ കരുണ്‍
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചതോടെ, നീണ്ട എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലേക്കു മടങ്ങി എത്തിയത്. ഇംഗ്ലണ്ട് പര്യടനത്തില്‍ നാലു ടെസ്റ്റില്‍ നിന്ന് 25.62 ശരാശരിയില്‍ 205 റണ്‍സ് മാത്രം നേടാനേ കരുണിനു സാധിച്ചുള്ളൂ.
അതേസമയം, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ദേവ്ദത്ത് പടിക്കല്‍ ദുലീപ് ട്രോഫി സെമിയില്‍ അര്‍ധസെഞ്ചുറിയും ഓസ്ട്രേലിയ എയ്ക്ക് എതിരേ 150ഉം റണ്‍സ് നേടിയാണ് ടീമില്‍ തന്റെ ഇടംകണ്ടെത്തിയത്.
ബുംറ ഉണ്ട്; ജഡേജ വൈസ്
പരിക്കിന്റെ ഭീതിയില്‍ തുടരുന്ന സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിക്കുമെന്നുള്ള അഭ്യൂഹം കാറ്റില്‍പ്പറന്നു. ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തി. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കിയെന്നതും ശ്രദ്ധേയം. അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ജഡേജയ്ക്കൊപ്പം സ്പിന്നര്‍മാരായി ടീമിലുള്ളത്.
ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, എൻ. ജഗദീശന് (വിക്കറ്റ് കീപ്പര്‍).