പാല് സംഭരണം: മില്‍മയും നിയന്ത്രണങ്ങളിലേക്ക്
Tuesday, March 31, 2020 12:20 AM IST
കൊച്ചി: പാല് സംഭരണം ക്രമാതീതമായി ഉയർന്നതിനെത്തുടര്‍ന്ന് മില്‍മ എറണാകുളം മേഖല കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്ഷീരസംഘങ്ങളില്‍ അധികമായി സംഭരിച്ചിരുന്ന പാല് വന്‍ നഷ്ടം സഹിച്ചും മില്‍മ പൊടിയാക്കി മാറ്റുകയായിരുന്നു.
എന്നാല്‍, ഇതരസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി പൊടിയാക്കുന്നതിനുള്ള സാധ്യതകള്‍ പൂര്‍ണമായി നിഷേധിക്കപ്പെട്ടതോടെ പാല് സംഭരണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയോ, പാല് വില്പന സംവിധാനങ്ങള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ മാത്രമേ പിടിച്ചു നില്ക്കുവാന് സാധിക്കുകയുള്ളൂവെന്ന് എറണാകുളം മേഖലാ ചെയര്മാന് ജോണ്‍ തെരുവത്ത് പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ ലോക്ക് ഡൗണിനു മുമ്പ് ശരാശരി പാല് സംഭരണം ഉറപ്പാക്കിയും മില്‍മയെ മാത്രം ആശ്രയിച്ചു കഴിയുന്ന ക്ഷീരകര്‍ഷകരുടെ പാല് സംഭരണത്തിനു മുന്‍ഗണന നല്‍കിയുമായിരിക്കും ക്ഷീരസംഘങ്ങളില്‍ നിന്നു മൂന്നു മുതല്‍ പാല് സ്വീകരിക്കുക.
ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്ഷീരസംഘങ്ങള്‍ക്ക് നല്കി. തുടര്‍ന്നും സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ പാല് സംഭരണത്തിന് ഓഫ് കൊടുക്കുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.