കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കണം: ഹൈക്കോടതി
Thursday, July 2, 2020 12:07 AM IST
കൊച്ചി: ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനു പതിച്ചു നല്‍കിയതാണോയെന്നു കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കണമെന്നു റവന്യു ഉദ്യോഗസ്ഥര്‍ക്കു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് നല്‍കണമെന്നു ഹൈക്കോടതി.
ഇടുക്കി ജില്ലയിലെ കെട്ടിട നിര്‍മാണത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ വില്ലേജ് അധികൃതര്‍ തള്ളിയതിനെതിരേ ഇടുക്കി മുട്ടുകാട് സ്വദേശിനി ലാലി ജോര്‍ജ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണു സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാനായി ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നു തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരവിറക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച ഉത്തരവുകളിറക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കൃഷിക്കും മറ്റും പതിച്ചു നല്കിയ ഭൂമിയിലെ നിര്‍മാണങ്ങള്‍ തടയാന്‍ ചട്ട ഭേദഗതി വേണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 22 ലെ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷമായിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. അനധികൃത നിര്‍മാണം തടയാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്നാണ് തോന്നുന്നത്. ഭൂമിയുടെ പരിസ്ഥിതി പ്രധാന്യം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാർ നിലപാട്. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കോടതി വിധികള്‍ക്കെതിരായ നിലപാടാണിത്-ഉത്തരവിൽ പറയുന്നു.
സംസ്ഥാനമൊട്ടാകെ പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്ത റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണമുണ്ടെങ്കില്‍ നല്കാന് മേയ് 29ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഉത്തരവു നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ അപേക്ഷ നല്‍കുകയാണ് ചെയ്തത്. കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നു പറഞ്ഞ സിംഗിള്‍ ബെഞ്ച് കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ രണ്ടു മാസത്തേക്കു നീട്ടുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.