പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു : മന്ത്രി
Tuesday, January 19, 2021 12:00 AM IST
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് 2019- 20 ൽ സംസ്ഥാനത്ത് 0.11 ശതമാനമാണ് കൊഴിഞ്ഞു പോകൽ നിരക്ക്. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ 6.79 ലക്ഷം വിദ്യാർഥികൾ വർധിച്ചിട്ടുണ്ട്. പ്രവേശന നിരക്ക് വർധിക്കുന്നതിനേക്കാൾ വേഗതയിലാണ് കൊഴിഞ്ഞ് പോക്ക് നിരക്ക് കുറയുന്നത്. നിലവിൽ 0.11 ശതമാനമാണെങ്കിൽ 2016 -17 കാലത്ത് 0.22 ശതമാനമായിരുന്നു. മൂന്നുവർഷത്തിനിടെ നേർ പകുതിയാണു കുറഞ്ഞത്.
ഹയർ സെക്കൻഡറി സ്കൂൾ കൊഴിഞ്ഞുപോകൽ നിരക്ക് വെറും 0.15 ശതമാനം മാത്രമാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എംഎച്ച്ആർഡി) കണക്കുപ്രകാരം ദേശീയ ശരാശരി 17.06 ശതമാനമാണ്. യുപി സ്കൂളുകളിലെ കൊഴിഞ്ഞ് പോകൽ നിരക്ക് 0.06 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.