കാട്ടാന ആക്രമണം:മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Monday, September 27, 2021 11:35 PM IST
കൊച്ചി: കണ്ണൂര്‍ പെരിങ്കരിയില്‍ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച കോവിഡ് ബാധിതന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.
കാട്ടാന ആക്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഒക്ടോബര്‍ രണ്ടിന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ പ്രദേശത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിൽ ഉണ്ടാകണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലം, ഉത്തരവാദികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണമെന്നും നിർദേശമുണ്ട്.