കടല്‍മാര്‍ഗമുള്ള ലഹരികടത്ത് അവസാനിപ്പിക്കും: വൈസ് അഡ്മിറല്‍
Friday, December 3, 2021 12:22 AM IST
കൊച്ചി: കടല്‍മാര്‍ഗമുള്ള മയക്കുമരുന്നു കടത്തും തീവ്രവാദവും തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പുതുതായി ചുമതലയേറ്റ ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപി ഹോളി. കടലില്‍ നാവികസേനയുടെ പട്രോളിംഗ് ശക്തമാക്കും.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിന് മത്സ്യബന്ധന തൊഴിലാളികളുടെ സേവനവും സഹകരണവും പ്രയോജനപ്പെടുത്തും. ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നാവികസേനയുടെ നിരീക്ഷണം കൂട്ടുമെന്നും മിനിക്കോയിയില്‍ വിമാനത്താവളം നാവികസേന വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ നാവിക കമാന്‍ഡിന്റെ ചുമതലയേറ്റശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവികസേനയെ കൂടുതല്‍ യുദ്ധസജ്ജമാക്കും. 2030 ഓടെ 24 ആധുനിക മുങ്ങിക്കപ്പലുകള്‍ സേനയുടെ ഭാഗമാകും. 40 കപ്പലുകള്‍ സേനയ്ക്കായി വിവിധ തുറമുഖങ്ങളില്‍ നിര്‍മാണത്തിലാണ്. രാജ്യത്തിനുള്ളില്‍നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഇവ നിര്‍മിക്കുന്നതിനാല്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണു സൃഷ്ടിച്ചിട്ടുള്ളത്.
പടക്കപ്പലുകളിലും വിമാനങ്ങളിലൂം വനിതകളെ നിയോഗിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പുതുതായി കമ്മീഷന് ചെയ്യുന്ന കപ്പലുകളില്‍ 20 ശതമാനം വനിതാ സാന്നിധ്യമുണ്ടാകും. പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ കേരളത്തില്‍ ഉള്‍പ്പെടെ ജാഗ്രത കൂട്ടും. നാവികദിനാഘോഷം നാളെ നടക്കുമെന്നും ഹംപി ഹോളി അറിയിച്ചു.
മുന്‍ വൈസ് അഡ്മിറല്‍ എ.കെ. ചവ്ള സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണ് കര്‍ണാടക സ്വദേശിയായ ഹംപി ഹോളി കഴിഞ്ഞ 30ന് ചുമതലയേറ്റത്. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ആന്റണി ജോര്‍ജ്, നാവികസേന പിആര്‍ഒ അതുല്‍ പിള്ള എന്നിവരും പങ്കെടുത്തു.