വാർഷികാഘോഷത്തിന് ഖജനാവിൽ തൊടരുത്: കെ. സുധാകരൻ എംപി
Sunday, April 2, 2023 12:58 AM IST
തിരുവനന്തപുരം: കനത്ത നികുതികളും കടുത്ത സാന്പത്തിക തകർച്ചയും ജനങ്ങൾ നേരിടുന്പോൾ 50 കോടിയിലധികം രൂപ ഖജനാവിൽനിന്നു മുടക്കി സർക്കാർ വാർഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചിൽ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
പിണറായി വിജയനെ തുടർച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളിൽ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവിൽനിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോകുന്പോൾ, സർക്കാരിന്റെ വാർഷികം ആഘോഷിക്കണമെന്നു നിർബന്ധമുണ്ടെങ്കിൽ അതു പാർട്ടി ആസ്ഥാനത്തു കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരൻ ആവശ്യപ്പെട്ടു.