നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു
Saturday, May 18, 2024 3:04 AM IST
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഫ്ലാറ്റില്‍നിന്ന് റോഡിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിചേർക്കപ്പെട്ട യുവതിയുടെ ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ സ്വദേശിയായ ഇയാള്‍ സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയിരുന്നു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസിനു കൈമാറിയിരുന്നു.
വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണു യുവതി പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
താന്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം യുവാവിന് അറിയാമായിരുന്നു. ഇതോടെ യുവാവ് പിന്മാറി. ഗര്‍ഭിണിയാണെന്നു തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്.