ജീവനക്കാരെ അപഹാസ്യരാക്കരുത്: എന്‍ജിഒ അസോസിയേഷന്
1596251
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: സേവനാവകാശ നിയമത്തിന്റെ പേരില്‍ പിഴ വിധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ജീവനക്കാരെ അപഹാസ്യരാക്കാനുള്ള നീക്കം ചെറുക്കുമെന്ന് എന്‍.ജി.ഒ. അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. സര്‍ക്കാര്‍ കാടടച്ച് വെടിവെക്കരുത്.
നിലവില്‍ പ്രാഥമിക ഓഫീസ് മുതല്‍ സെക്രട്ടറി തല ഓഫീസുകള്‍ വരെ ഏതൊക്കെ തലങ്ങളിലാണ് അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് എന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ കടമകള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തരുത് .
17 ശതമാനം ഡിഎ കുടിശികയടക്കം വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിയമനടപടികളിലേക്ക് നീങ്ങുന്ന ജീവനക്കാരെ ഒതുക്കാനാണ് സര്‍ക്കാര്‍ അവസാന വര്‍ഷത്തില്‍ തട്ടിക്കൂട്ടുന്ന ഈ സേവനാവകാശ ബില്ല്. ചട്ടപ്പടി മാത്രം ജോലി ചെയ്യുന്നവരല്ല സര്‍ക്കാര്‍ ജീവനക്കാര്‍. പ്രളയമ സമയത്തും കോവിഡ് കാലത്തും ദുരന്തമുഖങ്ങളില്‍ കൈയ് മെയ് മറന്ന് രാപ്പകല്‍ സേവനം ചെയ്യുന്ന ജീവക്കാരെ ജനങ്ങള്‍ക്ക് നേരിട്ടറിയാം. ജനങ്ങളെ ജീവനക്കാര്‍ക്കെതിരെ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ തന്നെപരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.