താമരശേരി ചുങ്കം ലിങ്ക് റോഡിന്റെ കല്ലിടല്‍ പ്രവൃത്തികള്‍ ആരംഭിച്ചു
1596479
Friday, October 3, 2025 4:59 AM IST
താമരശേരി: താമരശേരി ചുങ്കം ലിങ്ക് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് സെക്ഷന്‍ 6(1) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ റോഡിനായുള്ള അതിര്‍ത്തിക്കല്ലിടല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഇതോടെ, ഏറെക്കാലമായി കാത്തിരിക്കുന്ന ഈ റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ കൈവന്നിരിക്കുകയാണന്ന് ഡോ.എം.കെ മുനീര്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.
താമരശേരി ചുങ്കം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഒരു സുപ്രധാന പദ്ധതിയാണിത്. ഈ പദ്ധതിക്ക് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി നല്‍കിയത്. നിര്‍മ്മാണത്തിനായുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ആര്.ബി.ഡി.സി.കെയെ നിയമിക്കുകയും ചെയ്തു. വിശദമായ സാങ്കേതിക പഠനങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ പദ്ധതിരേഖ കിഫ്ബി അംഗീകരിക്കുകയും, ഇതിനായി 74.38 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൈവരിക്കാന്‍ റവന്യൂ വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു. കൂടാതെ, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഒരു പ്രത്യേക തഹസില്‍ദാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമാണ് നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായ കല്ലിടല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായത്.
വിജ്ഞാപനം അനുസരിച്ച്, രാരോത്ത് വില്ലേജിലെ രാരോത്ത്, വെഴ്പ്പൂര്, അണ്ടോണ, കരിങ്കമണ്ണ എന്നീ ദേശങ്ങളിലെ സര്‍വ്വേ നമ്പര്‍ അനുസരിച്ചുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്.
താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ, താമരശ്ശേരി-ചുങ്കം പ്രദേശത്തെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമാകുമെന്നും എംഎല്‍എ ഓഫീസ് അറിയിച്ചു.