എയര്‍ഇന്ത്യ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് എം.കെ. രാഘവന് എംപി
1596265
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: എയര്‍ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല ഷെഡ്യൂളില്‍ സംസ്ഥാനത്തെ എഴുപത്തിയഞ്ചിലധികം ഫ്ളൈറ്റുകള്‍ റദ്ദാക്കിയത് വഴി കേരളത്തോട് കാട്ടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് എം.കെ. രാഘവന് എംപി.
പ്രതിസന്ധി കാലത്ത് കമ്പനിയെ താങ്ങി നിര്‍ത്തിയ മലയാളി പ്രവാസികളെ അവഗണിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് ടാറ്റ എയര്‍ ഇന്ത്യ ചെയര്മാന് എന്‍. ചന്ദ്രശേഖരന് നല്കിയ കത്തില്‍ എംപി ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏക പ്രീമിയം എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ കേരളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത് നാമ മാത്രമായ സര്‍വീസുകള്‍ ആണ്. ഇപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടി സംസ്ഥാനത്ത് നിന്ന് വന്‍തോതില്‍ സര്‍വീസുകള്‍ പിന്‍വലിക്കുന്നുണ്ട്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സംസ്ഥാനത്തെ എംപിമാരുടെയും എയര്‍ലൈന്‍ കമ്പനിയുടെയും അടിയന്തിര യോഗം വിളിക്കണമെന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനോട് ആവശ്യപ്പെട്ടതായും എം.കെ. രാഘവന് എംപി അറിയിച്ചു.