ആക്രി വ്യാപാര മേഖല പ്രതിസന്ധിയില്‍: വ്യാപാരികള്‍ സമരത്തിലേക്ക്
1596269
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: അതിജീവനത്തിനായി കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് (കെഎസ്എംഎ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാഴ്വസ്തു വ്യാപാരികള്‍ സമരമുഖത്തേക്ക്. ഒക്ടോബര്‍ മൂന്നിന് കളക്ടറേറ്റിലേക്ക് തൊഴില്‍ സംരക്ഷണ റാലി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് നടക്കുന്ന റാലി കെ.എസ്എംഎ സംസ്ഥാന സെക്രട്ടറി കെ.പി. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കളക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കും.
ആക്രികള്‍ നടന്നു ശേഖരിക്കുന്നവര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, റീസൈക്ലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം പേര് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. പാഴ്വസ്തു വ്യാപാര മേഖലയെ തകര്‍ക്കുന്ന നിലപാടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് കെഎസ്എംഎ ജില്ലാ പ്രസിഡന്റ് പി.പി. മെഹബൂബ് പറഞ്ഞു. ഇത്തരം ദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സ്ക്രാപ്പ് വ്യാപാരികള്‍ സമരമുഖത്താണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു വരികയാണ്. ഒക്ടോബര്‍ എട്ടിന് സംസ്ഥാനത്തെ മൊത്തം പാഴ്വസ്തു വ്യാപാരികളും ചേര്‍ന്ന് നിയമസഭാ മാര്‍ച്ച് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കെഎസ്എംഎ ജില്ലാ സെക്രട്ടറി കെ. മുജ്മീര്‍, ട്രഷറര്‍ എസ്.വി. റഫീഖ്, സംസ്ഥാന കൗണ്‍സില്‍ അംഗം സി.മൊയ്തീന് കോയ, കെ.അര്‍ഫാത്ത് എന്നിവരും പങ്കെടുത്തു.