അപകടമൊഴിയാതെ സംസ്ഥാന പാത; നിരവധി പേര്‍ക്ക് പരിക്ക്
1596489
Friday, October 3, 2025 5:03 AM IST
മുക്കം: അപകടങ്ങള്‍ തുടര്‍ക്കഥയായ എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയില്‍ വീണ്ടും അപകടം. രണ്ടു ദിവസത്തിനിടെ നടന്ന രണ്ട് അപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഗോതമ്പ് റോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു.
അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത്.
ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാര്‍ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.മുക്കം പെരുമ്പടപ്പില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചത് ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ്.
താമരശ്ശേരി അടിവാരത്തുനിന്നും രോഗിയുമായി മുക്കത്തെ ആശുപത്രിയിലേക്ക് പോവുന്ന ആംബുലന്‍സാണ് മുക്കം ഭാഗത്തുനിന്നും വന്ന സ്വിഫ്റ്റ് കാറുമായി കൂട്ടി ഇടിച്ചത്.രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സിന്റെ മുന്‍ഭാഗവും കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.