അക്ഷരലോകത്തേക്ക് കുരുന്നുകള്‍; ആദ്യാക്ഷരംകുറിക്കല് ആവേശമായി
1596478
Friday, October 3, 2025 4:59 AM IST
കോഴിക്കോട്: ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് കുരുന്നുകള്‍ കടന്നു.വിജയദശമി നാളില്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും നടന്ന അക്ഷരംകുറിക്കല് ആവേശമായി. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ജില്ലയില്‍ അക്ഷരം നുണഞ്ഞത്.
വളയനാട് ദേവീ ക്ഷേത്രത്തില്‍ രാവിലെ ശീവേലി എഴുന്നള്ളിപ്പു നടന്നു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി പാട്ടം കൃഷ്ണന് നമ്പൂതുരിയുടെ നേതൃത്വത്തില്‍ വിദ്യാരംഭം ആരംഭിച്ചു. തൊണ്ടയാട് നാരകത്ത് ഭഗവതി ക്ഷേത്രത്തിലെ ഗ്രന്ഥം എടുപ്പിനു കാടമന ഇല്ലത്ത് സന്ദീപ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു വിദ്യാരംഭവും വാഹന പൂജയും നടന്നു. അഴകൊടി ദേവീ ക്ഷേത്രത്തില്‍ മേല്‍ശാന്തി ശ്രീകൃഷ്ണ പ്രസാദിന്റെയും കീഴ് ശാന്തി കേശവന് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ഗ്രന്ഥം എടുപ്പും വിദ്യാരംഭവും നടത്തി. തളി മഹാ ക്ഷേത്രത്തില്‍ രാവിലെ 8.30 ഓടെ വിദ്യാരംഭം ആരംഭിച്ചു. ശ്രീകണഠേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി ഷിബുശാന്തിയുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. വാഹന പൂജയും നടന്നു.
വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ നവരാത്രി മഹോത്സവത്തിന് വിജയദശമി പൂജക്ക് ശേഷം നടന്ന വിദ്യാരംഭ ചടങ്ങുകളോടെ സമാപനം കുറിച്ചു. കഴിഞ്ഞ എട്ട് ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടന്ന മന്ത്രജപ പരിശീലനവും ഔഷധസേവയും ശ്രീശാരദാ അഷ്ടോത്തര നാമാര്ച്ചനയോടെ സമാപിച്ചു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഗുരുവരാശ്രമം മേല്‍ശാന്തി പ്രസൂണ്‍ ശാന്തികള്‍ കാര്‍മികത്വം വഹിച്ചു.
കൊയിലാണ്ടി: അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവ് പ്രദാനം ചെയ്യുന്ന സന്ദേശവുമായി മഹാനവമിയും അധര്‍മ്മത്തിനെതിരെ ധര്‍മ്മത്തിന്റെ വിജയം ഉദ്ഘോഷിക്കുന്ന വിജയദശമി ദിനവും വിവിധ ക്ഷേത്രങ്ങളില്‍ സമുചിതമായി ആഘോഷിച്ചു.
കൊല്ലം പിഷാരികാവില്‍ അഞ്ഞൂറോളം കുരുന്നുകര് ആദ്യാക്ഷരം കുറിക്കാനെത്തി. പയറ്റുവളപ്പില്‍ ക്ഷേത്രം, പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ക്ഷേത്രം, മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, എന്നിവിടങ്ങളില്‍ നടന്ന വിദ്യാരംഭം ഭക്തജന തിരക്കാല്‍ ശ്രദ്ധേയമായി.
കൊരയങ്ങാട് കലാക്ഷേത്രം, പൂക്കാട് കലാലയം തുടങ്ങിയ കലാകേന്ദ്രങ്ങളില്‍ പുതിയ പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനം ഇതോടൊപ്പം ആരംഭിച്ചു. വിജയദശമി ദിനത്തില്‍ കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ 400 ഓളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിച്ചേര്‍ന്നു.മേല്‍ശാന്തി എന്‍ നാരായണന് മൂസതിന്റെ നേതൃത്വത്തില്‍ നടന്ന എഴുത്തിനിരുത്തലിൽ കോഴിക്കോട് ഐ.എം.സി.എച്ച് റിട്ട്. സൂപ്രണ്ട് സി.ശ്രീകുമാര്‍, നോവലിസ്റ്റ് വി.ആര്.സുധീഷ്, ചന്ദ്രശേഖരന് തിക്കോടി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍, എന്‍. സന്തോഷ് മൂസത് എന്നിവര്‍ പങ്കാളികളായി.
കൂരാച്ചുണ്ട്: വിദ്യാരംഭത്തിന്റെ ഭാഗമായി കക്കയം അരുവിക്കര അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങിന് ശാന്തി വിജിത്ത് കക്കയം കാര്‍മികത്വം വഹിച്ചു. പൊടി പ്പൂര് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ജോഷി കോഴിക്കോട് കാര്‍മികനായി. പൂവത്തുംചോല ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശാന്തി കിഷോര്‍ കൊച്ചുതറ കാര്‍മികത്വം വഹിച്ചു.
പേരാമ്പ്ര: പേരാമ്പ്ര ശ്രീ എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു.ഗാനരചയിതാവും സംഗീതഞ്ജനുമായ ഇ..വി.വത്സന് കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.