മദ്യലഹരിയിൽ അടിപിടി; 48 കാരൻ കൊല്ലപ്പെട്ടു, രണ്ടുപേർ കസ്റ്റഡിയിൽ
1596264
Wednesday, October 1, 2025 7:58 AM IST
തേഞ്ഞിപ്പലം: മദ്യലഹരിയിലുണ്ടായ അടിപിടിക്കിടെ തേഞ്ഞിപ്പലത്ത് 48 കാരൻ കൊല്ലപ്പെട്ടു. തേഞ്ഞിപ്പലം അരീപ്പാറക്കടുത്ത് മുല്ലശേരി മങ്ങാട്ടയിൽ പറന്പിൽ താമസിക്കുന്ന കളത്തുംകണ്ടി നാരായണന്റെ മകൻ രജീഷ് എന്ന ചെറുട്ടി (48) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
കൃത്യത്തിൽ പങ്കുള്ളതായി സംശയിക്കുന്ന കള്ളിയിൽ കീഴ്ക്കുത്ത് വീട്ടിൽ അബൂബക്കർ (78), തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശി പള്ളിയാളി രാമകൃഷ്ണൻ (53) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് രജീഷിന്റെ മരണമെന്നാണ് കണ്ടെത്തൽ. മുഖഭാഗത്തും ശരീരത്തിനുള്ളിലും പരിക്കുകളുള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി പോലീസ് പറഞ്ഞു. അരീപ്പാറ കീഴ്ക്കുത്ത് കടവിന് സമീപം കള്ളിയിൽ അബൂബക്കറിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. രാത്രി 11 ന് ശേഷം രജീഷിന്റെ ബന്ധുക്കളെത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് വിവരം. തുടർന്ന് ചേളാരിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവ സമയത്ത് അബൂബക്കറും രാമകൃഷ്ണനും ഒന്നിച്ചുണ്ടായിരുന്നു. രാത്രിയിൽ അബൂബക്കറിന്റെ വീട്ടിൽ നിന്ന് ബഹളം ഉണ്ടായതായും ദുരൂഹമായ സാഹചര്യമായിരുന്നു എന്നുമാണ് പരിസരവാസികളുടെ മൊഴി. പ്രവാസിയായിരുന്ന അബൂബക്കർ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് തനിച്ചാണ് താമസം. ഭാര്യയും മൂന്ന് മക്കളും വാടകക്കാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന അബൂബക്കറിന്റെ വീട്ടിൽ രാമകൃഷ്ണനും രജീഷും നിത്യസന്ദർശകരായിരുന്നു. ഇവർ അധിക ദിവസങ്ങളിലും ഒരുമിച്ച് മദ്യപിക്കാറുമുണ്ടായിരുന്നു. പ്രമീളയാണ് രജീഷിന്റെ ഭാര്യ. മക്കൾ: രമ്യഷ, അഭിരാമി. സഹോദരൻ: സജീഷ്.